തിരുവനന്തപുരം: റസ്റ്റോറന്റുകള്‍ വഴി ബിയര്‍, ബാറുകളില്‍ ചെത്തിയ കള്ള്… കേരളം അടിമുടി മാറുകയാണ്. ടൂറിസം രംഗത്തെ കൂടുതല്‍ ആകര്‍ഷകമാക്കുകയെന്ന ലക്ഷ്യത്തോടെ മദ്യനയത്തിന്റെ കരട്ചട്ടങ്ങള്‍ തയ്യാറാകുകയാണ്.ടൂറിസം വകുപ്പ് നല്‍കുന്ന ടൂ സ്റ്റാര്‍ ക്ലാസിഫിക്കേഷനു മുകളിലുള്ള റസ്റ്ററന്റുകളില്‍ ബീയറും വൈനും വിളമ്പാം എന്നാകും പുതിയ നയം. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ബാറുകളിലും വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളിലുമാകും കള്ള് ചെത്തി വില്‍ക്കാനുള്ള ലൈസന്‍സ് നൽകുക. സ്വന്തം വളപ്പിലെ കള്ള് ചെത്തി അതിഥികള്‍ക്കു നല്‍കാം. ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്ന നയം തന്നെയാണ് ഇക്കാര്യത്തിലുമുള്ളത്.
നയപരമായ കാര്യമായതിനാല്‍ ആദ്യം ഇടത് മുന്നണി യോഗത്തിലും വിഷയം ചര്‍ച്ചയാകും.
കേരളത്തില്‍ എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയി ആചരിക്കുന്നത് ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഒന്നാം തീയതിയില്‍ മദ്യശാലകള്‍ അടച്ചിടുന്നത് പിന്‍വലിച്ചാല്‍ അതിലൂടെ 12 ദിവസം അധികമായി പ്രവൃത്തി ദിവസങ്ങള്‍ ലഭ്യമാകുമെന്നതാണ് കാരണം.അതിലൂടെ വരുമാനത്തിലും വലിയ വര്‍ദ്ധനവ് സാദ്ധ്യമാകും. ബിവറേജ് വില്‍പ്പനശാലകള്‍ ലേലംചെയ്യുക, മൈക്രോവൈനറികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പരിഗണനയിലുണ്ട്.