മലഞ്ചരക്ക് വസ്തുക്കളുടെ വിലയിടിവിനും ഉത്പാദനക്കുറവിനും പിന്നാലെ ഇടുക്കിയിലെ കാർഷിക മേഖലയിൽ കടന്നു കയറി ഫലവർഗങ്ങളും. കാർഷിക വസ്തുക്കളുടെ വിലയിടിവിന് പിന്നാലെയാണ് ഹൈറേഞ്ചിലെ കർഷകർ മുള്ളാത്ത കൃഷിയും പരീക്ഷിച്ച് തുടങ്ങിയത്. New fruit cultivation in idukki
ഇതോടെ മലഞ്ചരക്ക് വസ്തുക്കൾക്ക് പേരുകേട്ട ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ ഇവ സ്ഥാനം പിടിക്കാൻ തുടങ്ങി. ഇടുക്കിയുടെ വാണിജ്യ നഗരമായ കട്ടപ്പന കമ്പോളത്തിലാണ് മുള്ളാത്ത പ്രധാനമായും എത്തിത്തുടങ്ങിയത്.
ചെറിയ തോതിൽ വീടുകളിലും കൃഷിയിടങ്ങളിലുമാണ് മുള്ളാത്ത കൃഷി കർഷകർ ചെയ്ത് തുടങ്ങിയിരിക്കുന്നത്.
നിലവിൽ 80-100 രൂപ കിലോയ്ക്ക് കർഷകർക്ക് ലഭിക്കുന്നുണ്ട്. വലിയ പരിചരണം ആവശ്യമില്ല എന്നതും രോഗ കീടബാധ കൾ കുറവാണെന്നതുമാണ് കർഷകരെ മുള്ളാത്ത കർഷകർ വെച്ചു പിടിപ്പിക്കാൻ കാരണം.
നന്നായി പരിചരിച്ചാൽ അഞ്ചുകിലോവരെ ഒരു കായ തൂക്കം വെയ്ക്കുമെങ്കിലും ഒന്നുമുതൽ രണ്ടു കിലോവരെയുള്ള കായകളാണ് ഹൈറേഞ്ചിലെ വിപണികളിൽ എത്തുന്നത്. മുള്ളാത്തയിലെ ഘടകങ്ങൾ അർബുദ കോശങ്ങളെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെയാണ് ഇതിന്റെ വിപണിമൂല്യം വർധിക്കുന്നത്.
നിലവിൽ പ്രാദേശിക വിപണികളിലും കൊച്ചിയിലുള്ള മൊത്ത വ്യാപാരികൾക്കുമാണ് മുള്ളാത്ത വിറ്റഴിക്കുന്നതെന്ന് ഇടുക്കിയിലെ വ്യാപാരികൾ പറയുന്നു.