ഓർമ്മകൾ ഇല്ലാതാകുന്ന ഡിമന്‍ഷ്യയ്ക്ക് പ്രധാന കാരണം അല്‍ഷിമേഴ്‌സാണ്. ലോകത്താകെയുള്ള ഡിമന്‍ഷ്യ രോഗികളില്‍ 70 ശതമാനത്തോളവും അല്‍ഷിമേഴ്‌സ് മൂലം ഡിമന്‍ഷ്യ ബാധിച്ചവരാണ്. അല്‍ഷിമേഴ്‌സ് രോഗത്തിന് നിലവില്‍ ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല.New drug brings relief to Alzheimer’s patients
എന്നാല്‍ ഈ രോഗം തടയുന്ന മരുന്ന് രോഗികളില്‍ പരീക്ഷിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. സ്‌കോട്ട്‌ലന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടോറസ് തെറാപ്യൂട്ടിക്‌സ് ലിമിറ്റഡ് എന്ന മരുന്നുകമ്പനിയാണ് ഈ മരുന്ന് വികസിപ്പിച്ചത്.
ഹൈഡ്രോമീഥൈല്‍തയോണിന്‍ മെസിലേറ്റ് എന്ന മരുന്നാണ് രോഗികളില്‍ പരീക്ഷിക്കാനൊരുങ്ങുന്നത്.
തലച്ചോറില്‍ അടിഞ്ഞുകൂടുന്ന ‘ടൗ’ (Tau) എന്ന പ്രോട്ടീനിന്റെ പ്രവർത്തനത്തെയാണ് മരുന്ന് നിയന്ത്രിക്കുക.
ടൗ എന്ന മാംസ്യതന്മാത്ര തലച്ചോറില്‍ കെട്ടുപിണഞ്ഞ് കിടക്കുന്ന രീതിയിലാണ് കാണപ്പെടുക. അല്‍ഷിമേഴ്‌സ് രോഗികളില്‍ അതിന്റെ അളവ് വളരെ കൂടുതലായിരിക്കും. ഈ മാംസ്യതന്മാത്രയുടെ അളവ് കുറയ്ക്കുകയാണ് മരുന്ന് ചെയ്യുക.
നിലവില്‍ അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് നല്‍കുന്ന ദൈര്‍ഘ്യമേറിയ ചികിത്സയ്ക്ക് പകരം ഗുളിക രൂപത്തില്‍ കഴിക്കാവുന്ന രീതിയിലാണ് മരുന്ന് തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ അല്‍ഷിമേഴ്‌സ് രോഗികളുടെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത് ഈ മരുന്ന് തടയുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് കൂടുതലാളുകളില്‍ മരുന്ന് പരീക്ഷിക്കാനൊരുങ്ങുന്നത്.
ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും രോഗം കൂടുതല്‍ വഷളാകാതെ നിയന്ത്രിച്ച് നിര്‍ത്താന്‍ മരുന്ന് സഹായിച്ചേക്കും എന്ന് കരുതുന്നു. അല്‍ഷിമേഴ്‌സിന്റെ ആദ്യ ഘട്ടങ്ങളില്‍ രോഗികളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം ഇത് മെച്ചപ്പെടുത്തുന്നുണ്ടെന്ന് അടുത്തിടെ നടത്തിയ പരീക്ഷണങ്ങൾ തെളിയിച്ചു.