പാർട്ടി കണ്ണുരുട്ടിയതോടെ യുടേൺ അടിച്ചു; ബിജെപി ജയം ഉറപ്പിച്ച നേമത്ത് രാജീവ് ചന്ദ്രശേഖരനോട് മുട്ടാൻ മനസില്ലാമനസോടെ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും വാശിയേറിയതും ശ്രദ്ധാകേന്ദ്രവുമായ പോരാട്ടം ഇത്തവണയും നേമം നിയമസഭാ മണ്ഡലത്തിലാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സിപിഎം സിറ്റിങ് എംഎൽഎയും മന്ത്രിയുമായ വി. ശിവൻകുട്ടിയെ തന്നെ വീണ്ടും രംഗത്തിറക്കാനുള്ള ആലോചനകൾ ശക്തമായത്.
പാർട്ടി തീരുമാനമനുസരിച്ചായിരിക്കും സ്ഥാനാർഥിത്വ കാര്യങ്ങളിൽ നിലപാട് എടുക്കുകയെന്ന് വി. ശിവൻകുട്ടി വ്യക്തമാക്കി. മൂന്ന് തവണ നേമത്ത് മത്സരിച്ചിട്ടുണ്ടെന്നും, സിപിഎമ്മിൽ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്ന രീതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഇതുവരെ എടുത്ത എല്ലാ തീരുമാനങ്ങളും അനുസരിച്ചിട്ടുണ്ടെന്നും ഇനിയും അതിൽ മാറ്റമുണ്ടാകില്ലെന്നും ശിവൻകുട്ടി ആവർത്തിച്ചു.
2016-ൽ ബിജെപി അക്കൗണ്ട് തുറന്ന നേമം മണ്ഡലം 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം തിരിച്ചുപിടിച്ചിരുന്നു.
എന്നാൽ രാജീവ് ചന്ദ്രശേഖർ നേരത്തെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് മണ്ഡലത്തിൽ സജീവമായതോടെ, ശിവൻകുട്ടിയെ തന്നെ മത്സരത്തിനിറക്കാൻ പാർട്ടി നിർദേശം നൽകിയതായാണ് സൂചന.
ലോക്‌സഭാ തിരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് നേമത്ത് ലഭിച്ച മുന്നേറ്റം രാജീവ് ചന്ദ്രശേഖറിന് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.
2021-ൽ കുമ്മനം രാജശേഖരനെ 3,949 വോട്ടുകൾക്ക് പരാജയപ്പെടുത്തിയെങ്കിലും, പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേമം ബിജെപിക്കൊപ്പം നിന്നു.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന രാജീവ് ചന്ദ്രശേഖർ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് നേമത്തിൽ നിന്നായിരുന്നു. ആ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പും ബിജെപിക്ക് അനുകൂലമായ ഫലമാണ് നൽകിയത്. തിരുവനന്തപുരം കോർപ്പറേഷനിലെ നേമം മണ്ഡലത്തിലെ 25 വാർഡുകളിൽ 17 എണ്ണത്തിലും ബിജെപി വിജയിച്ചു.
എൽഡിഎഫിന് അഞ്ചിടങ്ങളിൽ മാത്രമാണ് ജയിക്കാനായത്. എന്നാൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന തൃക്കണ്ണാപുരവും പുന്നയ്ക്കാമുകളും എൽഡിഎഫ് തിരിച്ചുപിടിച്ചത് ഇടതുമുന്നണിക്ക് ആശ്വാസമായി.
ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളും രാജീവ് ചന്ദ്രശേഖറുടെ സ്ഥാനാർഥി പ്രഖ്യാപനവും കണക്കിലെടുത്ത്, നേമം നിലനിർത്താൻ ശക്തനായ സ്ഥാനാർഥി തന്നെ വേണമെന്ന വിലയിരുത്തലിലാണ് സിപിഎം.
മണ്ഡലത്തിൽ ഏറ്റവും അനുയോജ്യനായ സ്ഥാനാർഥി വി. ശിവൻകുട്ടിയാണെന്ന് പാർട്ടി നേതൃത്വം വിലയിരുത്തുന്നു.
ആരോഗ്യകാരണങ്ങൾ ചില ആശങ്കകൾ ഉയർത്തുന്നുണ്ടെങ്കിലും, ശിവൻകുട്ടി സന്നദ്ധനാണെങ്കിൽ പാർട്ടി അദ്ദേഹത്തെ ഒഴിവാക്കാൻ സാധ്യതയില്ല.
ബിജെപി ജയം ഉറപ്പിച്ചതോടെ നേമത്ത് മത്സരിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്ന ശിവൻകുട്ടി, ഇപ്പോൾ നിലപാട് മൃദുവാക്കിയിരിക്കുകയാണ്.
നേമത്ത് മത്സരിക്കണമോ വേണ്ടയോ എന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും, പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ അക്കൗണ്ട് നേമത്ത് ഇതിനകം ക്ലോസ് ചെയ്തതാണെന്നും, ഇനി അത് തുറക്കാനാകില്ലെന്നും, ഇത്തവണ ഇടതുസ്ഥാനാർഥിക്ക് മികച്ച ജയം ഉറപ്പാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസും ഇത്തവണ നേമത്ത് ശക്തനായ സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കാനാണ് സാധ്യത.
കഴിഞ്ഞ തവണ മത്സരിച്ച കെ. മുരളീധരൻ വീണ്ടും നേമത്തെത്താനുള്ള സാധ്യത കുറവാണ്. മണ്ഡലത്തിൽ നിന്നുള്ള നേതാവിനെ സ്ഥാനാർഥിയാക്കാനുള്ള ശ്രമങ്ങളിലാണ് കോൺഗ്രസ് നേതൃത്വം.
English Summary
Nemom is set to witness another intense electoral battle as BJP state president Rajeev Chandrasekhar announces his candidacy. In response, the CPM is considering fielding sitting MLA and minister V. Sivankutty again, viewing him as the strongest candidate to retain the seat amid BJP’s recent gains in local body and parliamentary elections.
nemom-election-battle-v-sivankutty-rajeev-chandrasekhar-cpm-bjp
Nemom Assembly, V Sivankutty, Rajeev Chandrasekhar, CPM, BJP, Kerala Politics, Kerala Assembly Election









