ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; കടയുടമയ്ക്ക് ദാരുണാന്ത്യം; ശരീരം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ
തിരുവനന്തപുരം: ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കടയുടമ മരിച്ചു. 55 കാരനായ വിജയൻ ആണ് മരിച്ചത്. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം നടന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വിജയൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അപകടത്തിന് തൊട്ടുമുമ്പ് വിജയന്റെ ഭാര്യ ചെറുമകനുമായി കടയിൽ നിന്ന് പുറത്തുപോയിരുന്നു. ഈസമയത്ത് കടയിൽ മറ്റാരും ഉണ്ടായിരുന്നില്ല.
പ്രാഥമിക വിവരങ്ങൾ പ്രകാരം ഗ്യാസ് ലീക്കാണ് അപകടത്തിന് കാരണമായത്. പൊട്ടിത്തെറിയുടെ ശക്തമായ ശബ്ദം കേട്ട് സമീപവാസികൾ സ്ഥലത്തെത്തിയപ്പോഴേക്കും തീ പടർന്ന് കട പൂർണ്ണമായും കത്തിനശിച്ചിരുന്നു.
ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വിജയനെ രക്ഷിക്കാനായില്ല. ശരീരം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
ചായക്കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്; ഒഴിവായത് വൻ ദുരന്തം
കോഴിക്കോട്: ചായക്കടയിലെ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. കോഴിക്കോട് മുതലക്കുളത്തെ മൈതാനത്തിന് സമീപമുള്ള ചായക്കടയിലാണ് അപകടമുണ്ടായത്.
രാവിലെ 6.50നായിരുന്നു സംഭവം. അപകടവിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്സാണ് പരിക്കേറ്റ ആളെ പുറത്തെത്തിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
കടയിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിലിണ്ടറിന് തീപിടിച്ച് ചായക്കട പൂർണമായി കത്തിനശിച്ചു. വൻ അപകടമാണ് ഒഴിവായത്.
ആദ്യം ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ടു; പിന്നാലെ വീടിനു തീയിട്ട് ഗൃഹനാഥൻ തൂങ്ങി മരിച്ചു
കൊല്ലം: വീടിനു തീയിട്ടശേഷം ഗൃഹനാഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. കൊല്ലം അഞ്ചൽ ആലഞ്ചേരിയിലാണ് സംഭവം. ചില്ലിങ് പ്ലാനറ് മംഗലത്തറ വീട്ടിൽ വിനോദ് (56) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത്. സ്ഥിരം മദ്യപാനിയായ വിനോദ് ഭാര്യയോടും മക്കളോടും വഴക്കുണ്ടാക്കിയശേഷം ഗ്യാസ് സിലണ്ടർ തുറന്നു വിടുകയായിരുന്നു. പിന്നാലെ വീടിന് തീയിട്ടശേഷം തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു.
ഈ സമയത്ത് വീട്ടുകാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീട് പൂർണമായി തകർന്നു. ശബ്ദം കേട്ടു ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊച്ചി മരടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു
കൊച്ചി മരടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. മരട് തുരുത്തി ക്ഷേത്രത്തിന് സമീപം തുരുത്തിപ്പിള്ളി വീട്ടിൽ ഷീബ ഉണ്ണിയുടെ വീടാണ് തിങ്കളാഴ്ച രാത്രി കത്തിനശിച്ചത്. ഷീബ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഫോണിൽ സംസാരിച്ച് പുറത്തേക്കു പോയസമയത്തായിരുന്നു അപകടം.വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
വീട് പൂർണ്ണമായും കത്തിനശിച്ചു. തീയണക്കാൻ ശ്രമിക്കുന്നതിനിടെ സമീപവാസിക്ക്പൊള്ളലേറ്റു.
വില്ലനായി വേനൽ ചൂട് ! കടുത്ത ചൂടിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും കത്തി നശിച്ചു
ഹരിപ്പാട്: ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി നശിച്ചു. വീയപുരം ഇരതോട് പാലത്തിന് കിഴക്ക് നിരണം 11-ാം വാർഡിൽ ആറ്റുമാലിൽ പള്ളിക്ക് സമീപം വാഴച്ചിറയിൽ സുബാഷ്-ശ്രീജാ ദമ്പതികളുടെ വീടാണ് ഇന്ന് രാവിലെ പത്ത് മണിയോടെ പൂർണ്ണമായും കത്തി നശിച്ചത്.
അലുമിനിയം ഷീറ്റ് ഉപയോഗിച്ച് തീർത്ത വീടാണ് അഗ്നിക്കിരയായത്. ചൂട് കൂടിയതിനെ തുടർന്ന് ഗ്യാസ് സിലണ്ടർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീ പിടുത്തം ഉണ്ടാവുകയുമായിരുന്നു.
ഉടൻ തന്നെ അഗ്നിശമന സേനയുടെ 4 യൂണിറ്റുകൾ സ്ഥലത്തെത്തിയെങ്കിലും മുഴുവൻ ഗൃഹോപകരണങ്ങളും സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും കത്തി നശിച്ചു. പെയിന്റിങ് തൊഴിലാളിയായ സുഭാഷ് ജോലിക്ക് പോയിരുന്നു.
ഭാര്യ ശ്രീജ കുട്ടികളെ സ്കൂളിൽ വിട്ടതിനുശേഷം ഹരിപ്പാട്ട് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കും പോയി. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ENGLISH SUMMARY:
A gas cylinder blast at a hotel in Manikyapuram, Nedumangad, killed the 55-year-old owner Vijayan. The incident occurred around 12 PM today.