കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ ‘കെറ്റാമെലോണ്‍’നെ തകർത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. എന്‍സിബിയുടെ കൊച്ചി യൂണിറ്റ് ‘മെലണ്‍’ എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് ശൃംഖല തകര്‍ത്തത്.
മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ ആണ് ഇത് നിയന്ത്രിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. 35.12 ലക്ഷത്തോളം വിലമതിക്കുന്ന 1,127 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും, 70 ലക്ഷം രൂപ വിലമതിക്കുന്ന ഡിജിറ്റല്‍ ആസ്തികള്‍ക്കൊപ്പം പിടിച്ചെടുത്തു.
ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്ക് അന്വേഷണ സംഘം എത്തിയത്. വ്യാഴാഴ്ച കൊച്ചിയിലെത്തിയ പോസ്റ്റല്‍ പാര്‍സലുകളില്‍ 280 എല്‍എസ്ഡി ബ്ലോട്ടുകള്‍ കണ്ടെത്തിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മൂവാറ്റുപുഴ സ്വദേശിയാണ് ഇത് ബുക്ക് ചെയ്തിരിക്കുന്നത് എന്ന് സ്ഥിരീകരിച്ചു. പിന്നാലെ തൊട്ടടുത്തദിവസം ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, 847 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും കൂടി എന്‍സിബി പിടിച്ചെടുക്കുകയായിരുന്നു.
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പരിശോധനയില്‍, ഡാര്‍ക്ക്‌നെറ്റ് മാര്‍ക്കറ്റുകള്‍ ആക്‌സസ് ചെയ്യാന്‍ ഉപയോഗിക്കുന്ന വിവരങ്ങളടങ്ങിയ ഒരു പെന്‍ഡ്രൈവ്, ഒന്നിലധികം ക്രിപ്‌റ്റോകറന്‍സി വാലറ്റുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ തുടങ്ങിയവ കണ്ടെടുത്തുവെന്നും എന്‍സിബി അറിയിച്ചു.
‘കെറ്റാമെലോണ്‍’ ഇന്ത്യയിലെ ഏക ലെവല്‍ 4 ഡാര്‍ക്ക്‌നെറ്റ് വിതരണക്കാരനാണെന്നും അന്വേഷണങ്ങളില്‍ കണ്ടെത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ‘ലെവല്‍ 4’ ഡാര്‍ക്‌നെറ്റ് ഇടപാടുകാരാണ് പിടിയിലായതെന്ന് എന്‍സിബി അറിയിച്ചു.
സംഘത്തിന് ബെംഗളൂരു, ചെന്നൈ, ഭോപാല്‍, പട്‌ന, ഡല്‍ഹി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും എല്‍എസ്ഡി എത്തിക്കുന്ന വിതരണ ശൃംഖല ഉണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
Summary: Narcotics Control Bureau (NCB) Kochi unit has dismantled ‘Ketamelon’, India’s largest dark net drug syndicate, through a special operation named ‘Melon’. This major breakthrough marks a significant victory in the fight against cyber drug trafficking.