ബെംഗളൂരു: കർണാടകയിൽ മാവോയിസ്റ്റ് നേതാവ് തൊമ്പാട്ടു ലക്ഷ്മി കീഴടങ്ങി. ഏറെ വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു ലക്ഷ്മി.
‘എ’ കാറ്റഗറിയിലുള്ള മാവോയിസ്റ്റ് നേതാവാണ് കീഴടങ്ങിയത്. ഇന്നലെ ഉഡുപ്പി ജില്ലാഭരണകൂടത്തിന് മുന്നിലാണ് ലക്ഷ്മി കീഴടങ്ങിയത്. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലക്ഷ്മിക്ക് പുനരധിവാസത്തിനായി ഇവർക്ക് ഏഴുലക്ഷം രൂപയാണ് സർക്കാർ നൽകുക. ഉത്തര കർണാടകയിലെകുന്ദാപുര താലൂക്കിലെ തൊമ്പാട്ടു സ്വദേശിയാണ് ലക്ഷ്മി.
ഏതാനും വർഷങ്ങളായി ലക്ഷ്മി മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. ലക്ഷ്മിക്കെതിരെ ഉഡുപ്പിയിൽ മൂന്നുകേസുകളാണ് നിലവിലുള്ളത്.
നക്‌സൽവിരുദ്ധ സേനയ്‌ക്കെതിരേ വെടിവെപ്പ് നടത്തിയതിനും ഒരാളെ ആക്രമിച്ചതിനും ഗ്രാമങ്ങളിൽ ലഘുലേഖകൾ വിതരണംചെയ്തതിനുമാണ് കേസുകൾ ഉള്ളത്.
2007 മുതൽ ലക്ഷ്മി ഒളിവിലാണെന്നും ഇവർക്കെതിരേ പലതവണ വാറന്റ് പുറപ്പെടുവിച്ചതാണെന്നും പൊലീസ് പറഞ്ഞു.
ലക്ഷ്മിയുടെ ഭർത്താവും മാവോയിസ്റ്റ് നേതാവുമായ സലീം നാലുവർഷം മുമ്പ് ആന്ധ്രാപ്രദേശ് സർക്കാരിന് മുന്നിൽ കീഴടങ്ങിയിരുന്നു.
അടുത്തിടെ കർണാടകയിലെ ആറ് മാവോയിസ്റ്റ് നേതാക്കൾ മുന്നിൽ കീഴടങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ലക്ഷ്മിയും കീഴടങ്ങിയത്.
ഇതുവരെ കർണാടകയിലാകെ 21 മാവോയിസ്റ്റുകൾ കീഴടങ്ങിയതായി സർക്കാർവൃത്തങ്ങൾ അറിയിച്ചു. ലക്ഷ്മിയും കീഴടങ്ങിയതോടെ മാവോയിസ്റ്റ് സംഘങ്ങളിൽ ഇനി കർണാടക സ്വദേശികളാരും ഇല്ലെന്നാണ് സർക്കാരിന്റെ അവകാശവാദം.
മാവോയിസ്റ്റുകളുടെ കേസുകളിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കാനായി പ്രത്യേക കോടതി സ്ഥാപിക്കാൻ ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് അധികൃതർ അറിയിച്ചു.
താൻ സ്വമേധയാ കീഴടങ്ങിയതാണെന്നും ഇതിനുപിന്നിൽ ആരുടെയും സമ്മർദമില്ലെന്നും ലക്ഷ്മിയും മാധ്യമങ്ങളോട് പ്രതികരിച്ചു.
അടുത്തിടെ ആറ് മാവോയിസ്റ്റുകൾ കീഴടങ്ങിയ വാർത്തകൾ കണ്ടിരുന്നു എന്നും. കീഴടങ്ങുന്നവർക്കായി സിദ്ധരാമയ്യ സർക്കാർ രൂപവത്കരിച്ച നയം അംഗീകരിക്കാൻ തനിക്ക് താത്പര്യമുണ്ടായതായും ലക്ഷ്മി പറഞ്ഞു.
തന്റെ ഗ്രാമത്തിൽ ഇതുവരെയും റോഡോ കുടിവെള്ള സൗകര്യവും ആശുപത്രിയോ ഇല്ലെന്നും അത്എത്രയുംവേഗം ഗ്രാമത്തിൽ ഇത്തരം അടിസ്ഥാനസൗകര്യങ്ങൾ വേണമെന്നതാണ് തനിക്ക് സർക്കാരിനോട് ആവശ്യപ്പെടാനുള്ളതെന്നും ലക്ഷ്മി പറഞ്ഞു.
ഇന്നലെ കീഴടങ്ങിയ തൊമ്പാട്ടു ലക്ഷ്മിയെ ‘എ’ കാറ്റഗറിയിലുള്ള മാവോവാദികളിൽ ഉൾപ്പെടുത്തിയതായി ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ കെ.വിദ്യാകുമാരി മാധ്യമങ്ങളോട് പറഞ്ഞു.
ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുന്ന മാവാവോദികൾക്ക് കീഴടങ്ങിയാൽ ഏഴുലക്ഷം രൂപയാണ് സർക്കാർ നയപ്രകാരം നഷ്ടപരിഹാരമായി നൽകുക.
ഇതിനായി സർക്കാരിന് ശുപാർശ നൽകുമെന്നും പണം ഘട്ടംഘട്ടമായാകും ലഭിക്കുകയെന്നും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
അതേസമയം, വൈദ്യപരിശോധന പൂർത്തിയാക്കി ലക്ഷ്മിയെ കോടതിയിൽ ഹാജരാക്കും.
അതിനുശേഷം കേസുകളിലെ അന്വേഷണത്തിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്നും ഉഡുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു.