നവീൻ ബാബു മരിച്ചതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിച്ച് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ.
തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അതിനും വേണ്ടി ഏതറ്റം വരെ പോകുമെന്നും അവർ പറഞ്ഞു. (Naveen Babu’s wife reacts to the media for the first time)
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നില്ല. തലശ്ശേരി സെഷന്‍സ് കോടതിയാണ് ദിവ്യക്ക് ജാമ്യം നിഷേധിച്ചത്. ഇതിനു പിന്നാലെയാണ് മഞ്ജുഷയുടെ പ്രതികരണം.
ആ വേദിയിൽ അല്ല അവര്‍ അങ്ങനെ സംസാരിക്കേണ്ടിയിരുന്നത്. വേറൊരു വേദി കളക്ടർക്ക് ഒരുക്കാമായിരുന്നു. പിപി ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണം. പരമാവധി ശിക്ഷ നല്‍കണം. ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയേ തീർച്ചയായും അറസ്റ്റ് ചെയ്യണം. കൂടുതലൊന്നും പറയാനില്ല. ഏതറ്റം വരേയും പോകും – മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു.
തങ്ങൾ രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. ‘രാഷ്ട്രീയപരമായി ഒരു നിർദേശവും നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. നിയമവശം മാത്രമേ നോക്കിയിട്ടുള്ളൂ. പിപി ദിവ്യയെ തുടക്കം തൊട്ട് തന്നെ അറസ്റ്റ് ചെയ്യാൻ യാതൊരു വിലക്കും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.