അന്തരിച്ച കണ്ണൂർ എഡിഎം നവീന്‍ ബാബുവിനെതിരായ പെട്രോള്‍ പമ്പ് ഉടമ ടി വി പ്രശാന്തന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ടി വി പ്രശാന്തന്‍ എന്ന പേരില്‍ ഒക്ടോബര്‍ പത്തിനോ അതിനടുത്ത ദിവസങ്ങളിലോ ആരുടേയും പരാതി ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു.Naveen Babu’s death: Chief Minister’s Office says it has not received Prashanthan’s complaint.
വിവരാവകാശ നിയമപ്രകാരം പ്രമുഖ മാധ്യമം സമര്‍പ്പിച്ച അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയത്.
പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രശാന്തന്റെ ആരോപണം. പണം നല്‍കിയില്ലെങ്കില്‍ പമ്പിന് അനുമതി ലഭിക്കാത്ത തരത്തില്‍ ആക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒരു ലക്ഷം രൂപ നവീന്‍ ബാബു ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ നല്‍കിയെന്നും പ്രശാന്തന്‍ പറഞ്ഞിരുന്നു.
ഇക്കാര്യം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയോട് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും ഇതുപ്രകാരം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു പ്രശാന്തന്റെ പ്രതികരണം. ഈ വാദമാണ് ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത്.