യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റാണ് ജാമ്യാപേക്ഷയിൽ സമർപ്പിച്ചത് എന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ വക്കീൽ നോട്ടീസയച്ച് യൂത്ത് കോൺഗ്രസ്.യഥാർഥ വിവരങ്ങൾ കാണിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റിനെ വ്യാജമെന്ന് പൊതുമണ്ഡലത്തിൽ തെറ്റിദ്ധരിപ്പിക്കാനാണ് എം.വി.ഗോവിന്ദൻ ശ്രമിച്ചത്. പൊതുപ്രവർത്തകൻ എന്ന നിലയിൽ തനിക്ക് ഇതു മാനഹാനിയുണ്ടാക്കി. പരസ്യമായി വാർത്താസമ്മേളനം വിളിച്ച് മാപ്പു പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുമാണ് നോട്ടീസ്. പത്രസമ്മേളനത്തിന് ശേഷം എം വി ഗോവിന്ദൻ പറഞ്ഞത് പച്ചക്കള്ളം ആണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി പറഞ്ഞു.
തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യത്തിനായി ഡിസ്ചാർജ് സർട്ടിഫിക്കറ്റും ആരോഗ്യ വിവരങ്ങൾ ഉൾപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റും രാഹുൽ ഹാജരാക്കിയിരുന്നു. കോടതി നിർദേശ പ്രകാരം പിന്നീട് വീണ്ടും ജനറൽ ആശുപത്രിയിൽ പരിശോധന നടത്താൻ നിർദേശിച്ചിരുന്നു. മെഡിക്കലി ഫിറ്റാണെന്ന റിപ്പോർട്ട് പ്രകാരം രാഹുലിന് ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ ഹാജരാക്കിയ സർട്ടിഫിക്കറ്റിനെതിരെ സിപിഎം രംഗത്തുവന്നത്.രാഹുൽ നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും അതിനാലാണ് കോടതി ജാമ്യം നിഷേധിച്ചതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
മാത്രമല്ല രാവിലെ 10.30 ന് ആണ് സിപിഎം സംസ്ഥാന സെക്രട്ടറി വാർത്താ സമ്മേളനം വിളിച്ചത്. ഉച്ചയ്ക്ക് വരാനിരിക്കുന്ന കോടതി വിധിയെക്കുറിച്ച് രാവിലെ പറയാൻ ഇദ്ദേഹം ത്രികാലജ്ഞാനിയാണോ എന്ന് അബിൻ വർക്കി ചോദിച്ചു. ഏഴു ദിവസത്തിനകം വാർത്താസമ്മേളനം വിളിച്ച് പറഞ്ഞതിൽ ക്ഷമ ചോദിച്ചില്ലെങ്കിൽ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
Read Also : ഫ്രീക്കന്മാരെ അവഗണിക്കില്ല; കഴിവുകൾ പ്രകടിപ്പിക്കാൻ പ്രത്യേക സ്ഥലം കണ്ടെത്തണമെന്ന് കെ ബി ഗണേഷ്‌കുമാർ