പുഷ്പക് എക്സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്
മുംബൈ: യാത്രക്കിടെ ട്രാക്കിലേക്ക് ചാടിയതിനെ തുടർന്ന് ട്രെയിനിടിച്ച് 11 യാത്രക്കാര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ ജല്‍ഗാവിലാണ് ദാരുണ സംഭവം നടന്നത്. ട്രെയിനിൽ തീപടർന്നതായുള്ള അഭ്യൂഹത്തെ തുടർന്നാണ് യാത്രക്കാർ ട്രാക്കിലേക്ക് ചാടിയത്.(Mumbai Jalgaon train accident: 11 passengers died)
മുംബൈ–ലക്നൗ പാതയിൽ സർവീസ് നടത്തുന്ന പുഷ്പക് എക്സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. ബെംഗളൂരു–ന്യൂഡൽഹി പാതയിലോടുന്ന കർണാടക എക്സ്പ്രസ് ട്രെയിനാണ് ട്രാക്കിലുണ്ടായിരുന്നവരെ ഇടിച്ചത്. പത്തോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും വിവരമുണ്ട്. ട്രെയിനിന്റെ വേഗം കുറഞ്ഞപ്പോള്‍ ചക്രത്തില്‍ നിന്ന് പുക ഉയര്‍ന്നതു കണ്ട് തീപിടിച്ചതാണെന്ന് തെറ്റിദ്ധരിച്ച് ഇവർ ട്രെയിനിൽ നിന്ന് ചാടിയതായാണ് വിവരം.
പർധഡെ റെയിൽവേ സ്റ്റേഷന് സമീപം വൈകുന്നേരം 4 മണിയോടെയാണ് അപകടം നടന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അതേസമയം ട്രെയിനിൽ തീപിടിച്ചതായി റെയില്‍വേ സ്ഥിരീകരിച്ചിട്ടില്ല. രുക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.