ട്വിസ്റ്റും ടേണും നിറഞ്ഞ ത്രില്ലർ പോരിൽ അവസാന പന്തിൽ ജയം നേടി രാജസ്ഥാൻ റോയൽസ്. ഇക്കുറി രാജസ്ഥാന്റെ രക്ഷകനായി അവതരിച്ചത് ജോസ് ബട്ലറാണ്ട്. സീസണിലെ രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയാണ് ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് ചേസിംഗ് സാധ്യമാക്കിയത്.രണ്ടു വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വിജയം. സ്‌കോര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-20 ഓവറില്‍ ആറിന് 223. രാജസ്ഥാന്‍ റോയല്‍സ്-20 ഓവറില്‍ എട്ടിന് 224. 60 പന്തില്‍ 107 റണ്‍സുമായി പുറത്താവാതെ രാജസ്ഥാനെ ഒറ്റയ്ക്ക് നയിച്ച ജോസ് ബട്‌ലറാണ് മാന്‍ ഓഫ് ദി മാച്ച്.
224 റൺസിന്റെ വിജയലക്ഷ്യം രാജസ്ഥാൻ മറികടന്നത് അവസാന പന്തിലാണ് 60 പന്തിൽ 107 റൺസെടുത്ത ബട്ലറാണ് കളിയിലെ താരം. റിയാൻ പരാഗും(14 പന്തിൽ 34) റോവ്മാൻ പവലും (13 പന്തിൽ 26) മാത്രമാണ് ബട്ലർക്ക് അല്പമെങ്കിലും പിന്തുണ നൽകിയത്. അക്ഷരാർത്ഥത്തിൽ ജോസിന്റെ ഒറ്റയാൾ പോരാട്ടത്തിനാണ് ഈഡൻ ഗാർഡൻസ് സാക്ഷ്യം വഹിച്ചത്. നല്ല തുടക്കം കിട്ടിയിട്ടും അത് മുതലാക്കാനാകാതെ യശസ്വി ജയ്സ്വാളാണ് (9 പന്തിൽ 19) ആദ്യം വീണത്. താെട്ടുപിന്നാലെ നായകൻ സഞ്ജു സാംസണും (12) കൂടാരം കയറിയതോടെ രാജസ്ഥാൻ പതറി. എന്നാൽ പക്വതയോടെ ബട്ലർ സ്കോർ ബോർഡ് ചലിപ്പിച്ചു. ധ്രുവ് ജുറേൽ(2), അശ്വിൻ(8), ഹെറ്റ്മയർ(0) എന്നിവരും ഉത്തരവാദിത്തം മറന്നതോടെ കളി രാജസ്ഥാൻ കൈവിട്ട അവസ്ഥയിലായിരുന്നു.
പിന്നീട് ക്രീസിലൊന്നിച്ച റോവ്മാൻ പവൽ-ബട്ലർ സഖ്യമാണ് 27 പന്തിൽ 57 റൺസടിച്ച് കടിഞ്ഞാൺ തിരിച്ചുപിടിച്ചത്. ആവേശ് ഖാനൊപ്പം 15 പന്തിൽ 38 റൺസിന്റെ കൂട്ടുക്കെട്ടുയർത്തിയെങ്കിലും സ്ട്രൈക്ക് ബൗളർക്ക് സ്ട്രൈക്ക് കിട്ടിയിരുന്നില്ല. നേരത്തെ സീസണിലെ കന്നി സെഞ്ച്വറി നേടിയ സുനിൽ നരെയ്നാണ് കൊൽക്കത്തയ്‌ക്ക് മികച്ച സ്കോർ നൽകിയത്.









