ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. മഹുവയ്ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്കു വച്ച ശേഷമായിരുന്നു പുറത്താക്കൽ. റിപ്പോർട്ട് പരിഗണിക്കാനുള്ള പ്രമേയം പാർലമെന്ററികാര്യ മന്ത്രിയാണ് അവതരിപ്പിച്ചു. റിപ്പോർട്ടിനെ എതിർത്ത് കോൺഗ്രസ് എംപിമാർ രംഗത്തുവന്നു. ശിക്ഷ നിർദേശിക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് മനീഷ് തിവാരി പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ എത്തിക്സ് കമ്മിറ്റി അധ്യക്ഷൻ വിനോദ് സോൺകറാണ് റിപ്പോർട്ട് സഭയിൽവച്ചത്. എത്തിക്സ് കമ്മറ്റി റിപ്പോർട്ടിന്മേൽ സംസാരിക്കാൻ മഹുവയെ സ്പീക്കർ ഓം ബിർല അനുവദിച്ചില്ല.
പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ ഉച്ചക്ക് രണ്ടുവരെ നിർത്തിവച്ചിരുന്നു. എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ സമയം അനുവദിക്കണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ ഓം ബിർള സമ്മതിച്ചില്ല. മെഹുവയ്ക്ക് പാർലമെന്റിൽ പ്രതികരിക്കാൻ അവസരം നൽകണമെന്ന ആവശ്യവും അംഗീകരിച്ചില്ല. പിന്നാലെ സഭ പിരിഞ്ഞു. മഹുവയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന് 12ന് സഭ ചർച്ചയ്ക്ക് എടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നുവെങ്കിലും ഉച്ചയ്ക്കു ശേഷമാണ് ചർച്ചയ്ക്കിട്ടത്.
അദാനി ഗ്രൂപ്പിനെതിരെ ചോദ്യമുന്നയിക്കാൻ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനിയിൽനിന്നു കോഴ സ്വീകരിച്ചെന്നും ചോദ്യങ്ങൾ നൽകാനുള്ള പാർലമെന്റ് അംഗങ്ങളുടെ മെംബേഴ്സ് പോർട്ടലിന്റെ ലോഗിൻ ഐഡിയും പാസ്‍വേഡും ഹിരാനന്ദാനിക്കു കൈമാറിയെന്നതുമാണു വിവാദം. ലോക്സഭയിൽ മഹുവ ചോദിച്ച 61 ചോദ്യങ്ങളിൽ 51 എണ്ണവും വ്യവസായിയുടെ താൽപര്യങ്ങൾ പ്രകാരമാണെന്നും ഇതിനായി പണം വാങ്ങിയെന്നുമാണ് ആരോപണം. തന്റെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്‌വേഡും സുഹൃത്തായ വ്യവസായി ദർശൻ ഹിരാനന്ദാനിക്കു കൈമാറിയിരുന്നെന്നും എന്നാൽ ഇതിന്റെ പേരിൽ പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് മഹുവ പറഞ്ഞത്. എംപിയുടെ സംഘത്തിലുള്ളവരാണു ചോദ്യങ്ങൾ അപ്‍ലോഡ് ചെയ്യുന്നത്, ആർക്കൊക്കെ പാസ്‍വേഡ് കൈമാറാമെന്നതിനു ചട്ടങ്ങളില്ല, ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ കൂടുതൽ സുരക്ഷ ഉറപ്പാക്കാനുള്ള ഒടിപി ലഭ്യമാകുന്ന നമ്പർ തന്റേതാണ്, അതുകൊണ്ട് അപ്‍ലോഡ് ചെയ്യപ്പെടുന്ന ചോദ്യങ്ങളെക്കുറിച്ചു തനിക്ക് അറിവുണ്ട് തുടങ്ങിയവയാണ് മഹുവയുടെ വാദങ്ങൾ.