തിരുവനന്തപുരം: കഴിഞ്ഞ വർഷം മാത്രം പ്രവാസികൾ കേരളത്തിലേക്കയച്ചത് 2,16,893 കോടി രൂപ. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഡോ. ഇരുദയ രാജന്റെ നേതൃത്വത്തിൽ നടത്തിയ മൈഗ്രേഷൻ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.2,16,893 crore was sent to Kerala last year
കേരളത്തിലെ പ്രവാസികളിൽ കൂടുതലും വടക്കൻ ജില്ലകളിൽ നിന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. മലപ്പുറം ജില്ലയിൽ നിന്നാണ് 2023ൽ ഏറ്റവും കൂടുതൽ എന്നാൽ, കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പണം അയക്കുന്നത് കൊല്ലം ജില്ലയിലെ പ്രവാസികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2023ൽ 3,77,647 കുടിയേറ്റക്കാരുടെ ഉത്ഭവസ്ഥാനം വടക്കൻ കേരളത്തിലെ മലപ്പുറം ജില്ലയാണ്. മലപ്പുറം തിരൂർ താലൂക്കാണ് പ്രവാസികളുടെ എണ്ണത്തിൽ മുന്നിൽ. ഒരു ലക്ഷം പ്രവാസികളാണ് ഇവിടെനിന്നുള്ളത്. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കാണ് പ്രവാസികളുടെ എണ്ണത്തിൽ ഏറ്റവും പിന്നിൽ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് 22 ലക്ഷം മലയാളികൾ പ്രവാസികളായുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോവിഡിന് മുമ്പ്, 2018ൽ കേരളത്തിലേക്കെത്തിയ എൻആർഐ പണവുമായി താരതമ്യം ചെയ്യുമ്പോൾ 154.9 ശതമാനം വർധനവാണുള്ളത്.
2018ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിൽ 85092 കോടി രൂപയായിരുന്നു നാട്ടിലേക്കെത്തുന്ന എൻ.ഐ.ആർ പണമെങ്കിൽ 2023ൽ 154.9 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രവാസികൾ വീട്ടിലേക്ക് അയക്കുന്ന പണത്തിലും ഗണ്യമായ വർധന ഉണ്ടായി. 37,058 കോടി രൂപയാണ് പ്രവാസികൾ നാട്ടിലേക്ക് അയച്ചത്.
വീട്ടുകാരിലേക്കുള്ള പണമയക്കലിന്റെ കാര്യത്തിൽ ഈ വർഷം മലപ്പുറം ജില്ലയെ പിന്തള്ളി കൊല്ലം ജില്ലയാണ് മുന്നേറിയത്. ഈ വരുമാനത്തിന്റെ കണക്കിൽ മലപ്പുറത്തിന് 16.2 ശതമാനം ലഭിച്ചപ്പോൾ, കൊല്ലത്തിന്റെ വിഹിതം 17.8 ശതമാനമായിരുന്നു. മുൻ വർഷങ്ങളിലേത് പോലെ തന്നെ മുസ്ലീം കുടുംബങ്ങളാണ് ഏറ്റവും കൂടുതൽ വിഹിതം സ്വീകരിച്ചത്. മുസ്ലീം കുടുംബങ്ങൾക്ക് 40.1 ശതമാനവും, ഹിന്ദു കുടുംബങ്ങൾക്ക് 39.1 ശതമാനവും, ക്രിസ്ത്യൻ കുടുംബങ്ങൾക്ക് 20.8 ശതമാനവും ലഭിച്ചു.
സർവേയിൽ പങ്കെടുത്ത 20,000 കുടുംബങ്ങളിൽ, 16.2 ശതമാനം പേർക്കും കുറഞ്ഞത് ഒരു പ്രവാസിയെങ്കിലും ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2018ൽ റിപ്പോർട്ട് ചെയ്ത 17.3 ശതമാനത്തിൽ നിന്ന് നേരിയ കുറവാണിത്. എന്നിരുന്നാലും, 2018ൽ പ്രവാസികളും, മടങ്ങിയെത്തിയ പ്രവാസികളും ഉൾപ്പെടെ, കേരളത്തിലെ മൊത്തം പ്രവാസി മലയാളികളുടെ എണ്ണം 3.41 ദശലക്ഷം ആയിരുന്നുവെങ്കിൽ, 2023ൽ ഇത് നാല് ദശലക്ഷമായി വർധിച്ചിട്ടുണ്ട്.
രാജ്യത്തെ എൻ.ആർ.ഐ നിക്ഷേപങ്ങളിൽ 21 ശതമാനം വിഹിതവും കേരളത്തിന്റേതാണ്. അതേസമയം കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഗണ്യമായ വർദ്ധന ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 2018ൽ 21 ലക്ഷമായിരുന്ന പ്രവാസികളുടെ എണ്ണം 2023ൽ 22 ലക്ഷമായി. വിദ്യാർത്ഥി കുടിയേറ്റം വർധിച്ചതാണ് പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകാതെ തുടരുന്നതിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽനിന്നുള്ള മൊത്തം പ്രവാസികളിൽ 11.3 ശതമാനം പേർ വിദ്യാർത്ഥികളാണെന്നും അതേസമയം ആകെ കുടിയേറ്റക്കാരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ ഒമ്പതു ജില്ലകളിലും പ്രവാസികളുടെ എണ്ണം കുറഞ്ഞതായും കാണിക്കുന്നു. മലപ്പുറം തിരൂർ താലൂക്കാണ് പ്രവാസികളുടെ എണ്ണത്തിൽ മുന്നിൽ.
ഒരു ലക്ഷം പ്രവാസികളാണ് ഇവിടെനിന്നുള്ളത്. ഇടുക്കി ദേവികുളം താലൂക്കാണ് പ്രവാസികളുടെ എണ്ണത്തിൽ ഏറ്റവും പിന്നിൽ.ഏറ്റവും കൂടുതൽ മലയാളി കുടിയേറ്റക്കാരുള്ളത് ഗൾഫ് രാജ്യങ്ങളിൽതന്നെയാണ്. എങ്കിലും ജിസിസി രാജ്യങ്ങൾ തിരഞ്ഞെടുക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ 2018ലെ 89.2 ശതമാനത്തിൽനിന്ന് 2023ൽ 80.5 ശതമാനത്തിന്റെ ഇടിവു കാണിക്കുന്നുണ്ട്.
കേരളത്തിലെ അഞ്ച് വീടുകൾ എടുത്താൽ അതിൽ രണ്ടെണ്ണത്തിലും പ്രവാസി മലയാളികൾ ഉണ്ടെന്നാണ് സർവേ കണ്ടെത്തിയിരിക്കുന്നത്. ഇത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലുമുള്ള പ്രവാസികളുടെ ശക്തമായ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. കെഎംഎസ് 2023 ഡാറ്റാ ശേഖരണ വേളയിൽ, മുഴുവൻ കുടുംബാഗങ്ങളും കുടിയേറിയ സാഹചര്യത്തിൽ പല വീടുകളും പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. സർവേയുടെ ഭാഗമായി 4.2 ലക്ഷം കുടുംബ കുടിയേറ്റ കേസുകൾ കണ്ടെത്തിയിട്ടുണ്ട്.