ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കിയ ‘പട്ടാഭിരാമൻ’ ചിത്രത്തിന് തമിഴ്‌നാട്ടിൽ വൻ സ്വീകാര്യത. തമിഴ്‌നാട്ടിലെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത സിനിമയുടെ തമിഴ് പതിപ്പ് ഇതുവരെ കണ്ടത് പത്ത് ലക്ഷത്തിന് മുകളിൽ ആളുകളാണ്.
ചിത്രത്തിന് തമിഴ് പ്രേക്ഷകർ നൽകിയ സ്വീകരണത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ധർമജൻ ഇപ്പോൾ. ചിത്രത്തിൽ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനായ സുനിമോൻ എന്ന കഥാപാത്രത്തെ ധർമ്മജൻ അവതരിപ്പിച്ചിട്ടുണ്ട്. മലയാളി സമൂഹം അധികം കാണാതെ പോയ സിനിമയാണ്, പക്ഷെ തമിഴ് ജനത ഏറ്റെടുത്ത് അവിടെ വലിയ സംഭവമാക്കി എന്നാണ് നടൻ പറയുന്നത്.
”പട്ടാഭിരാമൻ എന്ന മലയാള സിനിമയുടേത് ഒരു നല്ല കഥയായിരുന്നു, സമൂഹത്തിൽ വെളിപ്പെടുത്തേണ്ട ഒരു കഥയായിരുന്നു.
തിരക്കഥാകൃത്ത് ദിനേശേട്ടൻ രചിച്ചത് വളരെ ഭംഗിയായി കണ്ണൻ താമരക്കുളം അഭ്രപാളികളിൽ എത്തിക്കുകയും ചെയ്തു. ഞാൻ അതിൽ വെറുമൊരു ചെറിയ അഭിനേതാവാണ്.”
”ജയറാമേട്ടനാണ് അതിലെ നായകൻ. നമ്മുടെ മലയാളി സമൂഹം അധികം കാണാതെ പോയ സിനിമയാണ്. കാണേണ്ട സിനിമയായിരുന്നു. പക്ഷേ, അതു നാളുകൾക്ക് ശേഷം തമിഴ് ജനത ഏറ്റെടുത്ത് അവിടെ വലിയ സംഭവമാക്കി തീർത്തു. അതിൽ വലിയ സന്തോഷമുണ്ട്.”
”മലയാളികൾ ഇന്നെങ്കിലും ഈ സിനിമ ടിവിയിൽ വന്നാലെങ്കിലും കണ്ടിട്ട് അഭിപ്രായങ്ങൾ അറിയിക്കണം നന്ദി. പട്ടാഭിരാമന്റെ ഫുൾ ടീമിന് ആശംസകൾ” എന്നാണ് ധർമജൻ ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അതേസമയം, 2019ൽ ഓഗസ്റ്റ് 23ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്.