കേരളത്തിൽ കാലവർഷം നാല് ദിവസത്തിനകം എത്തുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതചുഴിയും നിലനിൽക്കുന്നതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. മേയ് 31ഓടെ കാലവർഷം കേരളത്തിലെത്തുമെന്നാണ് പ്രവചനം. തുടർന്ന് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15ഓടെ രാജ്യത്താകെ വ്യാപിക്കും. തെക്കൻ കേരളത്തിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്. കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണുള്ളത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ 29ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ കാലവർഷം എത്തുന്ന തീയതി അടിസ്ഥാനമാക്കിയാണ് രാജ്യത്തെ കാലവർഷത്തിന്‍റെ പുരോഗതി നിർണയിക്കുന്നത് എന്നിരിക്കെ രാജ്യമാകെ കേരളത്തിൽ മഴയെത്തുന്നതും നോക്കിയിരിപ്പാണ് എന്ന് വേണമെങ്കിൽ പറയാം.