കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പ്രതിയാക്കി കുറ്റപത്രം. സുധാകരനെ രണ്ടാം പ്രതിയാക്കി ആദ്യ കുറ്റപത്രമാണ് എറണാകുളം എസിജെഎം കോടതിയിൽ സമർപ്പിച്ചത്.
മോൻസൺ വ്യാജ ഡോക്ടറാണന്നറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നും തട്ടിപ്പിനുവേണ്ടി സുധാകരൻ ഗൂഢാലോചന നടത്തിയെന്നുമാണ് ക്രൈം ബ്രാഞ്ച് ഡിവൈ എസ്‍ പി ആർ റസ്തം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. വഞ്ചന, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് സുധാകരനെതിരെ ചുമത്തിയിരിക്കുന്നത്.
പരാതിക്കാർ മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ നൽകിയെന്നും ഇതിൽ 10 ലക്ഷം സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എബിൻ എബ്രഹാമാണ് മറ്റൊരു പ്രതി.
മോൻസൻറെ കലൂരിലെ വീട്ടിൽ വെച്ച് കെ.സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റി എന്ന് മോൻസന്റെ മുൻ ജീവനക്കാരൻ ജിൻസണും പരാതിക്കാരൻ അനൂപും മൊഴി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘവും പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ഇ.ഡിയും മണിക്കൂറുകളോ സുധാകരനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഈ ആരോപണം സുധാകരൻ നിഷേധിച്ചിരുന്നു.