മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു
കൊച്ചി: മലയാള സിനിമയുടെ അഭിമാനതാരമായ നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
ദീർഘകാലമായി അസുഖബാധിതയായിരുന്ന ശാന്തകുമാരിയമ്മ കഴിഞ്ഞ 10 വർഷമായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്നാണ് ഇന്ന് രാവിലെ അന്ത്യം സംഭവിച്ചത്.
പരേതനായ വിശ്വനാഥൻ നായരാണ് ശാന്തകുമാരിയമ്മയുടെ ഭർത്താവ്. കുടുംബ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ലളിതവും സ്നേഹപൂർണ്ണവുമായ സമീപനമാണ് ശാന്തകുമാരിയമ്മ പുലർത്തിയിരുന്നത്.
മൂത്തമകൻ പ്യാരിലാൽ 2000-ൽ അന്തരിച്ചിരുന്നു. കുടുംബത്തിലെ എല്ലാവർക്കും പ്രിയങ്കരിയായ അമ്മയായിരുന്നു ശാന്തകുമാരിയമ്മ.
അമ്മയുമായി അതീവ ഹൃദയബന്ധം പുലർത്തിയിരുന്ന മോഹൻലാൽ, തിരക്കേറിയ സിനിമാ ജീവിതത്തിനിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്താറുണ്ടായിരുന്നു.
ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും അമ്മയെ കാണാനും ആരോഗ്യവിവരങ്ങൾ അന്വേഷിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അമ്മയോടുള്ള സ്നേഹവും കടപ്പാടും അദ്ദേഹം പല വേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്.
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു
മോഹൻലാലിന്റെ വ്യക്തിത്വ രൂപീകരണത്തിലും സിനിമാ ജീവിതത്തിലും ശാന്തകുമാരിയമ്മയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറയുന്നു.
ജീവിതത്തിലെ മൂല്യങ്ങൾ, വിനയം, കഠിനാധ്വാനം എന്നിവയെക്കുറിച്ച് അമ്മ നൽകിയ ഉപദേശങ്ങളാണ് തന്റെ കരിയറിൽ വഴികാട്ടിയായതെന്ന് മോഹൻലാൽ ഒരിക്കൽ പറഞ്ഞിരുന്നു.
അടുത്തിടെ തനിക്ക് ലഭിച്ച ദാദാസാഹിബ് ഫാൽക്കേ പുരസ്‌കാര നേട്ടം അമ്മയോടൊപ്പം പങ്കുവെക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
പുരസ്‌കാരം ലഭിച്ചതെന്ന വിവരം അറിഞ്ഞ ഉടൻ തന്നെ നടൻ ആദ്യം സന്ദർശിച്ചതും അമ്മയെ ആയിരുന്നു. ആ നിമിഷം തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിരവധി ആരാധകരും സിനിമാ പ്രവർത്തകരും സമൂഹമാധ്യമങ്ങളിലൂടെ അനുശോചനങ്ങൾ രേഖപ്പെടുത്തി വരികയാണ്.









