മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങിയതോടെ ആരാധകർ ആവേശത്തിൽ. മോഹൻലാൽ തന്നെയാണ് വിഡിയോ പുറത്തുവിട്ടത്. നടനും സംവിധായകനുമായി ആറാടി നിൽക്കുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്. മലയാളികൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഫാന്റസി ചിത്രമായിരിക്കും ബറോസ് എന്നാണ് വിഡിയോ നൽകുന്ന സൂചന. ബറോസിന്റെ മേക്കിങ് വിഡിയോ ഇതിനിടെ വൈറലായിട്ടുണ്ട്. ചിത്രത്തിൽ ഭൂതമായിട്ടാണ് മോഹൻലാൽ എത്തുന്നത്. സൂപ്പർതാരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്. ബറാേസ് അവസാനഘട്ടത്തിലാണ്. ഹോളിവുഡിലെ സോണി സ്റ്റുഡിയോസിലാണ് ‘ബറോസി’ന്റെ അവസാനഘട്ട ജോലികൾ നടക്കുന്നത്. ഉടൻ തന്നെ ചിത്രം തിയറ്ററുകളിലെത്തും. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് മോഹൻലാൽ ചിത്രം ഒരുങ്ങുന്നത്. ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രെഷർ’ എന്ന കഥയെ ആധാരമാക്കിയുള്ളതാണ് ചിത്രം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകർ പ്രസാദ്. കലാസംവിധാനം സന്തോഷ് രാമൻ. സംഗീതം ലിഡിയൻ നാദസ്വരം.