പാലക്കാട്: ചാർജ് ചെയ്യാനിട്ട മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. പാലക്കാട് കൊല്ലങ്കോട് ആണ് സംഭവം. വിലപ്പിടിപ്പുള്ള രേഖകളടക്കം കത്തിനശിച്ചു.
ഗോപാലകൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് മൊബൈൽ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. മക്കളുടെ എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകളും കത്തിനശിച്ചവയിൽ ഉൾപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
വീടിന്റെ മുകളിലെ നിലയിലെ മുറിയിലാണ് മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഇട്ടിരുന്നത്. ഭക്ഷണം കഴിക്കാനായി കുട്ടികൾ താഴെ ഇറങ്ങിയതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. അതിനാൽ തന്നെ വൻ ദുരന്തമാണ് ഒഴിവായത്.
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടുത്തം. സ്റ്റാൻഡിൽ സ്ഥിതിചെയ്യുന്ന കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്. ഇവിടെ നിന്നും മറ്റ് കടകളിലേക്കും തീ പടരുകയാണ്.
ഫയർഫോഴ്സും നാട്ടുകാരും തീ അണക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കൂടുതൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് ഫയർ സ്റ്റേഷനിൽ നിന്നാണ് കൂടുതൽ ഫയർഫോഴ്സ് സംഘം എത്തിയത്.
ബസ് സ്റ്റാന്റിന്റെ ഉൾ വശത്തേക്കും തീ പടരുന്നുണ്ട്. അപകടത്തെ തുടർന്ന് സ്റ്റാന്റിലെ ബസുകൾ മുഴുവൻ മാറ്റി. ഞായറാഴ്ച വൈകുന്നേരമായതിനാൽ നഗരത്തിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മേഖലയിൽ ഗതാഗതം നിയന്ത്രിച്ചു. ആളപായമില്ലെന്നാണ വിവരം.









