ന്യൂസ് ഡസ്ക്ക് : കോൺഗ്രസ് – ബിജെപി രാഷ്ട്രിയ തന്ത്രങ്ങളെ അട്ടിമറിച്ച് 2014ൽ ദില്ലിയിൽ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി അധികാരത്തിൽ വന്നതിന് തുല്യമായ സംഭവ വികാസങ്ങളാണ് മിസോറാമിൽ അരങ്ങേറുന്നത്. മൂന്ന് വർഷം മുമ്പ് മാത്രം തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത സോറം പീപ്പിൾസ് മൂവ്മെന്റ് എന്ന ചെറു പാർട്ടി മിസോറാമിലെ ജയന്റ് കില്ലർ ആയി മാറിയിരിക്കുന്നു.പാർട്ടി സ്ഥാപകനും നിയുക്ത മുഖ്യമന്ത്രിയുമായ ലാൽദുഹോമയെ വടക്ക് കിഴക്കൻ സംസ്ഥാനത്തെ കേജരിവാളെന്ന വിശേഷിപ്പിക്കാനും ചില മാധ്യമങ്ങൾ മടിക്കുന്നില്ല.മുഖ്യമന്ത്രി സോറംതംഗ മുഖ്യമന്ത്രിയായി വർഷങ്ങളായി മിസോറാം ഭരിക്കുന്ന എം.എൻ.എഫ്, ദേശിയ പാർട്ടിയായ ബിജെപി, ഒരു കാലത്ത് മിസോറാം ഭരിച്ചിരുന്ന കോൺഗ്രസ് എന്നിവരെ ഒരു പോലെ തൂത്ത് കളഞ്ഞാണ് ലാൽദുഹോമയേയും അദേഹത്തിന്റെ പാർട്ടിയേയും മിസോറാം നിവാസികൾ സ്വീകരിച്ചിരിക്കുന്നത്.
ആരാണ് ലാൽദുഹോമ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദത്തിന്റെ അടിസ്ഥാനത്തിൽ സജീവ രാഷ്ട്രിയത്തിൽ വിരമിക്കേണ്ട പ്രായമായ 74 വയസാണ് ലാൽദുഹോമയ്ക്കുള്ളത്. ഇന്ത്യയിലെ ഏറ്റവും പ്രയാസമേറിയ സിവിൽ സർവീസ് പരീക്ഷ 28 ആം വയസിൽ പാസായ മിടുക്കൻ. ഗോവ കേഡറിൽ ഐ.പി.എസ് ഉദ്യോഗസ്ഥനായി ചുമതലയേറ്റ ലാൽദുഹോമ 1984ൽ ജോലി രാജി വച്ചു. തുടർന്ന് രാഷ്ട്രിയ പ്രവർത്തനമാരംഭിച്ചു. പക്ഷെ ഐ.പി.എസ് കിട്ടുന്നതിന് മുമ്പേ ലാൽദുഹോമ മിസോറാം രാഷ്ട്രിയത്തിലെ താക്കോൽ സ്ഥാനങ്ങളിൽ ഉണ്ടായിരുന്നു. കുടുംബത്തിന്റെ രാഷ്ട്രിയ പശ്ചാത്തലം തന്നെ കാരണം. മിസോറാമിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ചാൻചുഗയുടെ ശ്രദ്ധ വളരെ ചെറുപ്പത്തിൽ പിടിച്ച് പറ്റിയ ലാൽദുഹോമ അദേഹത്തിന്റെ പ്രിൻസിപ്പൽ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. ആ ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഡിഗ്രിയും സിവിൽ സർവീസും നേടിയത്. ഗോവൻ മാഫിയയെ ഒതുക്കിയ ലാൽദുഹോവയുടെ ഐ.പി.എസ് ജീവിതം സംഭവ ബഹുലമായിരുന്നു. അന്നത്തെ ദേശിയ മാധ്യമങ്ങളുടെ മുൻ പേജിൽ ദുഹോവയുടെ വാഴ്ത്ത് പാട്ടുകൾ നിറഞ്ഞു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അദേഹത്തെ സ്വന്തം സുരക്ഷയുടെ ചുമതല നൽകി ദില്ലിയിൽ കൊണ്ട് വന്നതും വലിയ വാർത്തയായിരുന്നു. 1982 മുതൽ 1984 വരെ ഇന്ദിരാഗാന്ധിയെ അദേഹം പൊന്ന് പോലെ സംരക്ഷിച്ചു. 84ൽ ജോലി രാജി വച്ച് മിസോറാമിൽ എത്തിയ ദുഹോവയെ കോൺഗ്രസ് ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധം സൂക്ഷിച്ച ലാൽദുഹോവ മിസോറാമിൽ നിന്നും എംപിയായി ജയിച്ച് പാർലമെന്റിലെത്തി. പക്ഷെ ഇന്ദിരാഗാന്ധിയുടെ മരണ ശേഷം കോൺഗ്രസുമായുള്ള ബന്ധം അത്ര നല്ലതായിരുന്നില്ല. പാർട്ടി സ്ഥാനം രാജി വച്ച ലാൽദുഹോവയെ കൂറ്മാറ്റ നിരോധന നിയമപ്രകാരം എം,പി സ്ഥാനത്ത് നിന്നും കോൺഗ്രസ് പുറത്താക്കി. ആദ്യമായിട്ടാണ് ഇന്ത്യയിലൊരു എം.പി കൂറ്മാറ്റ നിരോധന നിയമപ്രകാരം പുറത്താക്കപ്പെടുന്നത്. പീന്നീട് സ്വന്തം പാർട്ടി ഉണ്ടാക്കി പ്രവർത്തനം വ്യാപിപ്പിച്ചു.
2018ൽ മിസോറാമിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ചു. ജയിച്ചു. പക്ഷെ പാർട്ടി തോറ്റു. എന്നാൽ 2023ൽ മിസോറാം നിവാസികൾ ലാൽദുഹോവയ്ക്ക് ഒരവസരം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ബ്യൂറോക്രസിയിലും രാഷ്ട്രിയത്തിലും ഒരു പോലെ പയറ്റി തെളിഞ്ഞ ലലാൽദുഹോവയ്ക്ക് മിസോറാമിൽ മാറ്റം കൊണ്ട് വരാൻ കഴിയുമെന്ന പ്രതീക്ഷയാണ് എല്ലാവർക്കും ഉള്ളത്.