ഹരിപ്പാട്: റെയിൽവേ സ്റ്റേഷന് സമീപത്തെ മരം മുറിക്കുന്നതിനിടെ അപകടം. വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണ് തീപടർന്നു. ആലപ്പുഴ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെ ആയിരുന്നു സംഭവം.(Minutes before the train arrived, a tree fell on a power line and caught fire)
കായംകുളം- എറണാകുളം പാസഞ്ചർ ട്രെയിൻ സ്റ്റേഷനിലേക്ക് എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപായിരുന്നു അപകടം സംഭവിച്ചത്. സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപമുള്ള മരം വെട്ടിമാറ്റുന്നതിനിടെയാണ് വൈദ്യുതി ലൈനിലേക്ക് വീണത്. തുടർന്ന് തീപടരുന്നത് കണ്ട യാത്രക്കാർ പരിഭ്രാന്തരായി.
മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കായംകുളം എറണാകുളം പാസഞ്ചർ 20 മിനിറ്റ് ചേപ്പാട് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു. തുടർന്ന് ഉച്ചവരെ ട്രെയിനുകളെല്ലാം രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് നിർത്തിയത്. മരം വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ച ശേഷമാണ് ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലൂടെ ട്രെയിനുകൾ കടത്തി വിട്ടത്.