ദേഹാസ്വാസ്ഥ്യം; മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
കൊല്ലം: രക്തസമ്മർദം കൂടിയതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രി വീണാ ജോർജിനെ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ മന്ത്രിക്ക് ഡ്രിപ്പ് നൽകി.
അരമണിക്കൂറിനുള്ളിൽ മന്ത്രിക്ക് ആശുപത്രി വിടാനാകുമെന്നും അധികൃതർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ കനത്ത പ്രതിഷേധം തുടരുകയാണ്.
ബിന്ദുവിന്റെ മരണത്തിന് ആരാണ് ഉത്തരവാദി
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു(52)വാണ് മരിച്ചത്.
കെട്ടിടത്തിൽ ഇവർ കുടുങ്ങി കിടന്നത് രണ്ടര മണിക്കൂറാണ്. അപകടം നടന്ന് രണ്ട് മന്ത്രിമാർ അതിവേഗത്തിൽ ഇവിടേക്ക് പാഞ്ഞെത്തിയെങ്കിലും രക്ഷാപ്രവർത്തനം വൈകുകയായിരുന്നു.
മന്ത്രിമാർ പറഞ്ഞത് ഉപയോഗിക്കാത്ത കെട്ടിടമാണ് എന്നായിരുന്നു. സർക്കാരിനും തങ്ങൾക്കും പരിക്കേൽക്കാതിരിക്കാനുള്ള മാർഗ്ഗമാണ് മന്ത്രി വീണയും വാസവനും നടത്തിയത്.
എന്നാൽ മന്ത്രിമാർ സ്ഥലത്തെത്തിയിട്ടും രണ്ടര മണിക്കൂറിന് ശേഷമാണ് തകർന്ന കെട്ടിടത്തിൽ ആരെങ്കിലും കുടുങ്ങിയോ എന്ന് തിരച്ചിൽ നടത്തിയതും.
ഇത് അധികാരികളുടെ വലിയ വീഴ്ച്ചയാണ്. ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്ന വിമർശനമാണ് ഉയരുന്നത്.
പുറത്തെടുത്ത ബിന്ദുവിനെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോൺവിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകൾ പറഞ്ഞിരുന്നു.
ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ വിശദമായ തിരച്ചിൽ തുടങ്ങിയത്.
തുടർന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 14-ാം വാർഡ് കെട്ടിടം ഇടിഞ്ഞുവീണത്.
കെട്ടിടത്തിന്റെ ശൗചാലത്തിന്റെ ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ ഒരുകുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. തകർന്നുവീണ കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം.
എന്നാൽ, അമ്മയെ കാണാനില്ലെന്ന് ഒരു കുട്ടി പരാതിപ്പെട്ടതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്.
മകളുടെ ചികിൽസാ ആവശ്യത്തിനെത്തിയതായിരുന്നു ബിന്ദുവും ഭർത്താവും. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് അവശിഷ്ടങ്ങൾക്കിടയിൽനിന്നു ബിന്ദുവിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
അപ്പോഴേക്കും മരിച്ചിരുന്നു. തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ബിന്ദുവെന്ന് ഭർത്താവ് വിശ്രുതൻ പറഞ്ഞു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിൽസയിലാണ്.
അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാൻഡറായി നിൽക്കുകയായിരുന്നു അലീന.
എന്നാൽ പരുക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമൽ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു.
10,11,14 വാർഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടൻ ഒഴിപ്പിക്കുകയായിരുന്നു.
പത്താം വാർഡിനോടു ചേർന്നുള്ള മൂന്നുനില കെട്ടിടത്തിന്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ വ്യക്തമാക്കി. താഴത്തെ രണ്ടു ശുചിമുറികളും പൂർണമായി ഉപയോഗിച്ചിരുന്നില്ല.
11, 14, 10 വാർഡുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
കിഫ്ബിയിൽനിന്ന് പണം അനുവദിച്ചു പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നുവെന്നും മന്ത്രി വീണ അറിയിച്ചു.
Summary: Kerala Health Minister Veena George was admitted to Kottarakkara Taluk Hospital. Her condition is currently stable and under medical observation.









