കോഴിക്കോട്: മില്‍മയുടെ ഉൽപ്പന്നമായ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിറയെ പുഴുക്കളെ ലഭിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഇദ്ദേഹം താമരശ്ശേരി പഴയ സ്റ്റാന്‍ഡിന് സമീപത്തുള്ള ബേക്കറിയില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റിലാണ് പുഴുവിനെ കണ്ടെത്തിയത്. 40 രൂപ വിലയുള്ള ചോക്ലേറ്റ് ആണ് വാങ്ങിയത്. പിന്നീട് കവര്‍ പൊളിച്ച് അകത്തെ അലൂമിനിയം ഫോയില്‍ കവറും പൊളിച്ചപ്പോഴാണ് നിറയെ പുഴുക്കളെ കണ്ടതെന്ന് പരാതിക്കാരന്‍ പറഞ്ഞു.
ചോക്ലേറ്റിന്റെ പാക്കിംഗ് ഡേറ്റ് 2023 ഒക്ടോബര്‍ 16 നാണ് കാണിക്കുന്നത്. എക്‌സ്പയറി ഡേറ്റ് 2024 ഒക്ടോബര്‍ 15 വരെയാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മില്‍മാ അധികൃതര്‍ കടയിലെ സ്റ്റോക്ക് പിന്‍വലിക്കുകയും പുഴുക്കള്‍ നിറഞ്ഞ ചോക്ലേറ്റിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കൊടുവള്ളി സര്‍ക്കിള്‍ ഉദ്യോഗസ്ഥരും പരിശോധന ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിലാണ് മില്‍മ പുതിയ ഉല്‍പന്നമായി ചോക്ലേറ്റ് ഉദ്പാദനം ആരംഭിച്ചത്. സമാനമായ പരാതി മറ്റു ഭാഗങ്ങളില്‍ നിന്നും ഉണ്ടായതായും ഈ ബാച്ചിലെ ഉല്‍പ്പന്നം പൂര്‍ണമായും വിപണിയില്‍ നിന്നും പിന്‍വലിക്കുമെന്നും മില്‍മ അധികൃതര്‍ അറിയിച്ചു.
Read Also: സംസ്ഥാനത്ത് ഷവർമ കടകളിൽ വ്യാപക റെയ്ഡ്; 52 കടകളില്‍ ഷവര്‍മ വില്‍പന നിര്‍ത്തിച്ചു
Read Also: സ്വർണ പ്രേമികൾക്ക് ആശ്വാസം; രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്, വില അറിയാം
Read Also: കാലവർഷം മെയ് 31ന് : മഴയെ നേരിടാൻ കേരളം സജ്ജമെന്ന് മന്ത്രി കെ രാജൻ