തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1,200 രൂപ വീതം ഓണസമ്മാനം
തിരുവനന്തപുരം: സംസ്ഥാനത്തെ നഗര-ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള സര്‍ക്കാര്‍ ഓണസമ്മാനം വര്‍ധിപ്പിച്ചു. 200 രൂപയാണ് കൂട്ടിയത്. ഇത്തവണ തൊഴിലാളികള്‍ക്ക് 1,200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
5,25,991 തൊഴിലാളികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപ അനുവദിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 പ്രവര്‍ത്തിദിനം പൂര്‍ത്തിയാക്കിയ 5,19,623 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 6,368 തൊഴിലാളികള്‍ക്കാണ് ബത്ത ലഭിക്കുക. ഇതിനായി 63.68 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
അതിനിടെ കഴിഞ്ഞ ദിവസം ഓണം പ്രമാണിച്ച് സംസ്ഥാനത്തെ കരാര്‍-സ്‌കീം തൊഴിലാളികള്‍ക്ക് നല്‍കുന്ന ഉത്സവബത്ത 250 രൂപ വര്‍ധിപ്പിച്ചിരുന്നു. ആശാ വര്‍ക്കര്‍മാരുടെ ഉത്സവബത്ത 1,200 രൂപയില്‍ നിന്ന് 1,450 രൂപയായി ഉയര്‍ത്തി.
കൂടാതെ അങ്കണവാടി, ബാലവാടി ഹെല്‍പര്‍മാര്‍, ആയമാര്‍ എന്നിവര്‍ക്കും 1,450 രൂപ വീതം ലഭിക്കും. പ്രീ-പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവര്‍ക്ക് 1,350 രൂപ ആണ് ലഭിക്കുക.
ബഡ്സ് സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും, പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍, മഹിളാസമാഖ്യ സൊസൈറ്റി മെസഞ്ചര്‍മാര്‍, കിശോരി ശക്തിയോജന സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ക്കും 1,450 രൂപ വീതം ലഭിക്കും.
വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികള്‍ക്ക് 1,550 രൂപയാകും ഉത്സവബത്ത. പ്രേരക്മാര്‍, അസിസ്റ്റന്റ് പ്രേരക്മാര്‍ എന്നിവര്‍ക്ക് 1,250 രൂപ വീതവും ലഭിക്കും.
സ്പെഷ്യല്‍ സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്ക് 1,250 രൂപ ലഭിക്കും. എസ്സി എസ്ടി പ്രൊമോട്ടര്‍മാര്‍, ടൂറിസം വകുപ്പിലെ ലൈഫ് ഗാര്‍ഡുകള്‍, ആഭ്യന്തര വകുപ്പിന് കീഴിലെ ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 1,460 രൂപ വീതം ലഭിക്കും.
കൂടാതെ കഴിഞ്ഞ വര്‍ഷം ഉത്സവബത്ത ലഭിച്ച മുഴുവന്‍ പേര്‍ക്കും 250 രൂപ വര്‍ധനവ് സഹിതം ഇത്തവണയും ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും.
Summary: Finance Minister K. N. Balagopal announced that mgnrega workers will receive an increased Onam gift of ₹1200 this year, with a hike of ₹200.









