ന്യൂഡൽഹി: വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം, മെറ്റ.എഐ പോർട്ടൽ എന്നിവയിൽ എഐ അസിസ്റ്റന്റ് ലഭ്യമാക്കിയതായി മെറ്റ. ഇതോടെ ഉപയോക്താക്കൾക്ക് ആപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ എഐ സേവനങ്ങൾ ഉപയോഗിക്കാനാകും.
‘ലോകത്തിലെ മുൻനിര എഐ അസിസ്റ്റന്റുകളിലൊന്നായ മെറ്റ എഐ ഇന്ത്യയിൽ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം, മെറ്റ.എഐ പോർട്ടൽ എന്നിവയിൽ ഇംഗ്ലീഷിലാണ് ലഭ്യമാകുന്നത്. ഞങ്ങളുടെ ഇന്നേവരെയുള്ള ഏറ്റവും നൂതനമായ മെറ്റയുടെ ലാർജ് ലാഗ്വേജ് മോഡലായ മെറ്റ ലാമ 3 ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്,’ മെറ്റ അറിയിച്ചു.
കഴിഞ്ഞ വർഷമാണ് മെറ്റ ആദ്യമായി മെറ്റാ എഐ പ്രഖ്യാപിച്ചത്, ഏപ്രിൽ മുതൽ, ഉപയോക്താക്കൾക്ക് ലാമ 3 പയോഗിച്ച് നിർമ്മിച്ച മെറ്റാ എഐയുടെ ഏറ്റവും പുതിയ പതിപ്പ് ലഭ്യമാണ്. യുഎസ്, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ്, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, സിംബാബ്‌വെ എന്നിവയുൾപ്പെടെ 12 ലധികം രാജ്യങ്ങളിൽ ചാറ്റ്‌ബോട്ട് സേവനം ലഭ്യമാണ്.
വാട്ട്‌സ്ആപ്പിൽ എഐ ചാറ്റ് ബോട്ടുമായി സംഭാഷണം ആരംഭിക്കുന്നതിനായി വാട്‍സ്ആപ്പ് തുറന്നതിന് ശേഷം ചാറ്റ് സ്ക്രീൻ ഓപ്പൺ ചെയ്ത അതിൽ നിന്നും ‘ന്യൂ ചാറ്റ്’ ഓപ്‌ഷൻ തിരഞ്ഞെടുക്കണം. ശേഷം അതിൽ നിന്നും ‘മെറ്റ എഐ’ ഐക്കൺ തിരഞ്ഞെടുത്ത് സേവന നിബന്ധനകൾ വായിച്ച അംഗീകാരം നൽകിയ ശേഷം ഐക്കണിൽ ടാപ് ചെയ്യുമ്പോൾ തന്നെ ഇൻബോക്സിലേക്കുള്ള ആക്സസ് ലഭിക്കും. തുടർന്ന് ആവശ്യാനുസൃതം സംഭാഷണങ്ങൾ നടത്താനാകും.
മെറ്റ എഐയുമായി സംഭാഷണത്തിൽ (ചാറ്റ്) സംശയമുള്ള എന്തിനെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കാനാകും. മെറ്റ നൽകിയ വിശദീകരണത്തിൽ നൽകിയിട്ടുള്ള വിവരമനുസരിച്ച് മെറ്റ എഐയുടെ ഡാറ്റാബേസിൽ വിപുലമായ വിജ്ഞാന അടിത്തറയാണ് നൽകിയിക്കുന്നത്. ഇവ കൂടാതെ ഒരു വിഷയം സംബന്ധിച്ച സംശയങ്ങൾ പരിഹരിച്ച് പുതിയ ആശയങ്ങൾ നൽകുവാനും മെറ്റ എഐ ചാറ്റ് ബോട്ടിനാകും.
നൽകുന്ന വിവരങ്ങളിലൂടെ താത്പര്യങ്ങളും മുൻഗണനകളും അടിസ്ഥാനമാക്കി വ്യക്തിഗതമാക്കിയ നിർദേശങ്ങൾ നൽകാനാകും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നത്തിനു കൂടിയാണ് മെറ്റാ എഐ രൂപകൽപ്പന ചെയ്തിരിക്കുന്നത്. താത്പര്യമുള്ള വിഷയങ്ങളെക്കുറിച്ചെല്ലാം ചാറ്റ്ബോട്ടുമായി സംസാരിക്കാം.
വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിളും മെറ്റ എഐ ഉപയോഗിക്കാനാകും. ഗ്രൂപ്പിലുള്ള മറ്റ് അംഗങ്ങൾക്ക് കാണാൻ കഴിയുന്ന വിധത്തിൽ ചോദ്യങ്ങൾ ചോദിക്കാനോ ഉപദേശം തേടാനോ ഇതുവഴി സാധിക്കും. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ മെറ്റ എഐയുമായി സംസാരിക്കുന്നതിനായി വാട്ട്‌സ്ആപ്പിൽ ആവശ്യമുള്ള ഒരു ഗ്രൂപ്പ് തുറന്ന് സന്ദേശം അയക്കാനുള്ള സ്ഥലത്ത് ‘@’ എന്ന് ടൈപ്പുചെയ്ത് നിർദ്ദേശങ്ങളുടെ പട്ടികയിൽ നിന്ന് ‘മെറ്റാ എഐ’ തിരഞ്ഞെടുക്കുക.
ഇവിടെ ചോദ്യങ്ങൾ ചോദിക്കാനും ഏതെങ്കിലും വിഷയത്തെക്കുറിച്ച് സംസാരിക്കാനോ സാധിക്കുന്നതാണ്. എല്ലാ ഗ്രൂപ്പ് അംഗങ്ങൾക്കും ദൃശ്യമാകുന്ന രീതിയിലായും മെറ്റ എഐ പ്രതികരണം നൽകുക. ‘@Meta AI’ എന്ന് പ്രതേകം പരാമർശിക്കുന്ന സന്ദേശങ്ങൾക്ക് മാത്രമേ എഐ പ്രതികരണം നൽകുകയുള്ളൂ എന്ന് പ്രതേകം ശ്രദ്ധിക്കണം. ഗ്രൂപ്പ് ചാറ്റിലെ മറ്റ് സന്ദേശങ്ങൾ ആക്‌സസ് ചെയ്യാനോ മറുപടി നൽകാനോ എഐ ചാറ്റ്ബോട്ടിന് സാധിക്കില്ല.
ഇമേജ് ജനറേഷൻ ടൂളാണ് മെറ്റ എഐയുടെ മറ്റൊരു പ്രത്യേകത. ടെക്സ്റ്റ് വഴി നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും എഐ ചിത്രങ്ങൾ രൂപീകരിക്കുക. വാട്ട്‌സ്ആപ്പിൽ ഒരു ചാറ്റ് തുറന്ന് ‘@MetaAI /imagine’ എന്ന് ടൈപ്പ് ചെയ്തതിന് ശേഷം ഏത് ചിത്രമാണോ വേണ്ടത് അതിനനുസരിച്ച് നിർദേശങ്ങൾ നൽകാവുന്നതാണ്. നൽകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാകും മെറ്റ എഐ ഉള്ളടക്കം സൃഷ്ടിക്കുക.
അതേസമയം, മെറ്റ എഐയുമായുള്ള സംഭാഷണങ്ങൾക്ക് വാട്ട്‌സ്ആപ്പിൻ്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ബാധകമല്ല. പക്ഷെ ഉള്ളടക്കങ്ങൾ ചാറ്റിൽ നിന്ന് പിൻവലിക്കാൻ സഹായിക്കുന്ന ഡിലീറ്റ് ഓപ്ഷൻ മെറ്റ എഐയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ, ഡയറക്ട് മെസ്സേജ് (ഡിഎം) ഫീച്ചറിലാണ് മെറ്റ എഐ ലഭ്യമാകുക. സെർച്ച് ബാറിലെ ‘മെറ്റ എഐ’ ഐക്കണിൽ ടാപ്പ് ചെയ്‌ത് ഈ സേവനം ഉപയോഗിക്കാനാകും.
ഓപ്പൺഎഐയുടെ ചാറ്റ് ജിപിടി, ഗൂഗിളിൻ്റെ ജെമിനി എന്നിവയ്‌ക്ക് സമാനമായി ഇൻസ്റ്റാഗ്രാമിലൂടെ ചാറ്റ്‌ബോട്ടുമായി നേരിട്ട് സംവദിക്കാം, തത്സമയ വിവരങ്ങളടക്കം, എല്ലാതരം ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ കഴിയുന്ന രീതിയിലാണ് മെറ്റ എഐ പ്രവർത്തിക്കുന്നത്. ചോദ്യങ്ങൾക്ക് നൽകുന്ന ഉത്തരങ്ങളോടൊപ്പം, ഉത്തരം നൽകാൻ മെറ്റാ എഐ ഉപയോഗിക്കിച്ചിരിക്കുന്ന ഗൂഗിൾ സെർച് റിസൽട്ടുകളുടെ പേജിലേക്കുള്ള ഒരു ലിങ്കും ഇവയോടൊപ്പം ലഭിക്കുന്നതായിരിക്കും.