കൊല്‍ക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആര്‍ ജെ കര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജിവെച്ചു. പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷ് ആണ് രാജി സമര്‍പ്പിച്ചത്. സംഭവത്തിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ താന്‍ അപമാനിക്കപ്പെടുകയാണെന്നും ഇരയാക്കപ്പെട്ട പെണ്‍കുട്ടി തനിക്ക് മകളെ പോലെയാണെന്നും ആണ് സന്ദീപ് ഘോഷ് പ്രതികരിച്ചത്.(Medical college principal resigns over woman doctor’s murder)
‘രക്ഷിതാവെന്ന നിലയില്‍, ഞാന്‍ രാജിവെക്കുന്നു. ഇനി വയ്യ. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്’, എന്ന് സന്ദീപ് ഘോഷ് പ്രതികരിച്ചു. സംഭവത്തില്‍ കര്‍ മെഡിക്കല്‍ കോളേജ് സുപ്രണ്ടിനെ സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെയാണ് രാജി സമർപ്പിച്ചത്. ദീര്‍ഘകാലമായി ആശുപത്രിയുടെ ചുമതല വഹിച്ചിരുന്ന സൂപ്രണ്ട് ഡോ.സഞ്ജയ് വസിഷ്ഠയെ മാറ്റി പകരം ആശുപത്രി ഡീന്‍ ബുല്‍ ബുല്‍ മുഖോപാധ്യായയെ ചുമതലപ്പെടുത്തുകയായിരുന്നു.
വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് പി ജി ട്രെയിനിയായ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെയാണ് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായത്. സംഭവത്തില്‍ സഞ്ജയ് റോയ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.