മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പറയുന്നത് മെയ് 6ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പരാതിക്കാരനായ മാത്യു കുഴൽനാടൻ എംഎൽഎ നാല് രേഖകൾ ഇന്ന് പുതുതായി ഹാജരാക്കി. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്നതാണ് രേഖകളെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.
കേസിൽ വീണ്ടും വാദം കേൾക്കണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. സിഎംആർഎല്ലിന് ഖനനത്തിന് അനുമതി നൽകിയ ഉത്തരവും സിഎംആർഎല്ലിന് അനുകൂലമായി തീരുമാനമെടുത്തുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടേയും ആലപ്പുഴ കളക്ടറുടേയും ഉത്തരവുകളും കേന്ദ്രം അനുമതി റദ്ദാക്കിയ രേഖകളുമാണ് മാത്യു കുഴൽനാടൻ ഇന്ന് ഹാജരാക്കിയത്. എന്നാൽ ഈ രേഖകളിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനുള്ള തെളിവുണ്ടോ എന്ന് കോടതി സംശയിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് കമ്പനിക്ക് അനുകൂലമായി സർക്കാർ എടുത്ത നിലപാടിന്‍റെ തെളിവാണെന്നും മാത്യു കുഴൽനാടൻറെ അഭിഭാഷകൻ വിശദീകരിച്ചു.
Read More: രോഹിത് വെമുലയുടെ ആത്മഹത്യയിൽ കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലീസ്