കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും എംപിയുമായ എംകെ രാഘവനെതിരെ ആരോപണവുമായി മാടായി കോ ഓപറേറ്റിവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ഥി.
നിയമനം നടത്തിയത് പണം വാങ്ങിയിട്ടാണെന്നും നിയമനം സുതാര്യമാണെന്ന എംപിയുടെ വാദം തെറ്റാണെന്നും അഭിമുഖത്തിനെത്തിയ കെബി നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു. നിയമനം കിട്ടിയവരുടെ ബാങ്ക് അക്കൗണ്ട്, വായ്പാ വിവരങ്ങള്‍ പരിശോധിച്ചാല്‍ അഴിമതി പുറത്തുവരുമെന്നും നിതീഷ് പറയുന്നു.
‘വളരെ സുതാര്യമായിട്ടാണ് മാടായി കോളജില്‍ നിയമനം നടന്നതെന്നാണ് എംപി എംകെ രാഘവന്‍ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ശനിയാഴ്ച നടന്ന ഇന്റര്‍വ്യൂവില്‍ നിതീഷും പങ്കെടുത്തിരുന്നു. രണ്ടാമതായിരുന്നു നിതീഷിൻ്റെ അഭിമുഖം.
അപ്പോള്‍ തന്നെ ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായ സര്‍ക്കാര്‍ പ്രതിനിധിക്ക് ഞാന്‍ ഒരു പരാതിയും നല്‍കിയിരുന്നു. എംകെ രാഘന്‍ എംപിയുടെ ബന്ധു ധനേഷ്, പയ്യന്നൂര്‍ സ്വദേശി എന്നിവര്‍ക്ക് നേരത്തെ തന്നെ ജോലി വാഗ്ദാനം ചെയ്തതായും അവരോട് അതിനായി സാമ്പത്തികവും വാങ്ങിയിരുന്നെന്ന് നിതീഷ് ആരോപിക്കുന്നു.
അവരുടെ പേര് വച്ച് തന്നെയാണ് നിതീഷ് പരാതി നല്‍കിയത്. ഇതിൽ പറഞ്ഞവര്‍ക്ക് തന്നെയാണ് പിന്നീട് ജോലി കിട്ടിയത്. നിയമനത്തിനായി അവരില്‍ നിന്ന് പത്ത് ലക്ഷംരൂപ വാങ്ങിയിരുന്നു. ഇവരുടെ ബാങ്ക് ലോണുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും നിതീഷ് പറഞ്ഞു.
കോ ഓപറേറ്റിവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിയമനത്തില്‍ എംകെ രാഘവനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപിയുടെ കോലം കത്തിച്ചിരുന്നു.
മാടായിയില്‍ കല്യാശേരി, മാടായി ബ്ളോക്ക് ഭാരവാഹികളും പ്രവര്‍ത്തകരുമാണ് രാഘവനെതിരെ പ്രതിഷേധപ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തത്. അതിനുപിന്നാലെ നിയമനം സുതാര്യമാണെന്നും ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും എംകെ രാഘവന്‍ എംപി മാധ്യമങ്ങളോട്പറഞ്ഞു.
എസ്സ്‌സി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിയമനം നടന്നതെന്നും രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്നും സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും രാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീം കോടതി നിബന്ധനകള്‍ക്ക് വിധേയമായാണ് നിയമനം നടത്തിയതെന്നും രാഘവൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കോളജില്‍ നാല് അനധ്യാപക തസ്തികകള്‍ നിയമം നടക്കാതെ ഒഴിഞ്ഞുകിടക്കുകയായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് തന്നെയാണ് അപേക്ഷ ക്ഷണിച്ചത്.
ആകെ 83 അപേക്ഷകരാണ് എത്തിയത്. ഓഫീസ് അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്നിങ്ങനെയുള്ള തസ്തികകളിലേക്കായിരുന്നു നിയമനം. ഓഫീസ് അറ്റന്‍ഡര്‍ തസ്തിക ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തതായിരുന്നു. പക്ഷെ അന്ധരായ അപേക്ഷകരില്ലാത്തതിനാല്‍ ബധിരനായ ആള്‍ക്ക് നിയമനം നല്‍കുകയായിരുന്നു.
സുപ്രീം കോടതി നിര്‍ദേശം പാലിച്ചാണ് ഈ പോസ്റ്റില്‍ നിയമനം നടത്തിയത്. ഇന്റര്‍വ്യൂ നടത്തിയത് താനല്ലെന്നും ജോയിന്റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനാണെന്നും എംകെ രാഘവന്‍ പ്രതികരിച്ചു.
നിയമനം കിട്ടിയ ആള്‍ ബന്ധുവായിരിക്കാമെന്നും എന്നാല്‍ ആ ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല നിയമനം നല്‍കിയത്. തന്റെ കൈകള്‍ പരിശുദ്ധമെന്നും ഒരാളുടെ കൈയില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും എംകെ രാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാടായി കോളജിനെ കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. 29ാമത്തെ വയസില്‍ താന്‍ മുന്‍കൈയെടുത്താണ് കോളജ് തുടങ്ങിയത്. ഏഴ് മാസം മുമ്പ് മാത്രമാണ് കോളജിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്.
താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയിട്ടും നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചതിനാലാണ് സ്ഥാനം ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തത് തന്നോടാലോചിക്കാതെയാണെന്നും രാഘവൻ പറഞ്ഞു.
തന്റെ കോലം കത്തിച്ചത് തന്നെ കത്തിച്ചതിന് തുല്യമാണ്. ഇളക്കി വിടുന്നവരെ തനിക്ക് അറിയാം. പേര് ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.