ഡാർക്ക് വെബ് വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്ത്; മുഖ്യസൂത്രധാരൻ വാഴക്കാല സ്വദേശി,എൻസിബി അന്വേഷണം ഓസ്‌ട്രേലിയയിലേക്ക്
ഡാർക്ക് വെബ് വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ ലഹരിക്കടത്ത് ശൃംഖലയുടെ മുഖ്യസൂത്രധാരൻ ഓസ്‌ട്രേലിയയിൽ നിന്ന് പ്രവർത്തിക്കുന്ന കൊച്ചി വാഴക്കാല സ്വദേശി
മുഖ്യസൂത്രധാരൻ ഇയാളാണെന്നു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) കണ്ടെത്തി. ഓസ്‌ട്രേലിയയിൽ നിന്ന് ഡാർക്ക് വെബ് ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത് നിയന്ത്രിച്ചിരുന്നത് ഈ വാഴക്കാല സ്വദേശിയാണെന്ന് എൻസിബി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കള്ളപ്പണം വെളുപ്പിക്കുന്നതിനും ഇടപാടുകൾ രഹസ്യമായി സൂക്ഷിക്കുന്നതിനും വേണ്ടിയാണ് ബിറ്റ്‌കോയിൻ ഉപയോഗിച്ചത്. കൂടാതെ ‘കെറ്റാമെലോൺ’ എന്ന കോഡ് നാമം എഡിസണ് നൽകിയതും ഇയാളാണെന്നു അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇയാളെ രാജ്യത്തേക്ക് എത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ എൻസിബി ആരംഭിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര ലഹരിമാഫിയയുമായി ബന്ധമുള്ള ഈ കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നും എൻസിബി അന്വേഷിക്കുന്നുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എഡിസൺ എന്ന പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ നിർണായക വിവരങ്ങൾ എൻസിബിക്ക് ലഭിച്ചത്.
ലഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ഓസ്‌ട്രേലിയയിൽ വെച്ച് ബിറ്റ്‌കോയിൻ ആക്കി മാറ്റിയിരുന്നതും ഇയാളാണ്.
ഈ പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ കേസിലെ കൂടുതൽ വിവരങ്ങൾക്കായി എൻസിബി എഡിസണെ വീണ്ടും കസ്റ്റഡിയിൽ എടുക്കാൻ സാധ്യതയുണ്ട്.
എഡിസന്റെ പണത്തിന്റെ വഴികൾ തേടി എൻസിബി
മെട്രോ നഗരങ്ങളിൽ വൻ ലഹരിമരുന്ന് ശൃംഖല നിർമിച്ച് കോടികൾ സമ്പാദിച്ച മൂവാറ്റുപുഴയിലെ എഡിസന്റെയും കൂട്ടാളികളുടെയും പണത്തിന്റെ വഴികൾ തേടി ഏജൻസികൾ. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അടക്കമുള്ളവയാണ് ഇക്കാര്യം അന്വേഷിക്കുന്നത്.
എഡിസന്റെ പത്തോളം അക്കൗണ്ടുകളാണ് എൻസിബി പരിശോധിക്കുന്നത്. പത്തു കോടിയോളം രൂപ ഇക്കാലത്തിനിടയിൽ ലഹരി വിൽപനയിലൂടെ എഡിസൻ സമ്പാദിച്ചിട്ടുണ്ടെന്നാണ് വിവരം.
മൂവാറ്റുപുഴയിൽ എഡിസന്റെ പേരിലുള്ള സ്ഥലത്ത് വലിയ ബഹുനില ഷോപ്പിങ് കോംപ്ലക്സ് നിർമാണം നടക്കുന്നുണ്ട്.
ലഹരി ഇടപാടിലൂടെ ലഭിച്ച പണം ഇതിനു മുടക്കിയിട്ടുണ്ടോ, മറ്റ് എവിടെയൊക്കെ നിക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തില വരും.
ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന പാഞ്ചാലിമേട് റിസോർട്ട് ഉടമകളായ ഡിയോളിനെയും ഭാര്യയെയും കസ്റ്റഡിയിൽ എടുക്കാനും എൻസിബി അപേക്ഷ നൽകിയിട്ടുണ്ട്.
എഡിസനിൽനിന്നു ലഹരിമരുന്ന് വാങ്ങിയ വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ സ്ഥലങ്ങളിൽ എൻസിബി പരിശോധന നടത്തുന്നുണ്ട്.
മെക്കാനിക്കൽ എൻജിനീയർ ആയി ബെംഗളൂരു, പുണെ തുടങ്ങിയ സ്ഥലങ്ങളിലും കുറച്ചു നാൾ യുഎസിലും എഡിസൻ ജോലി ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 10 വർഷത്തോളമായി എഡിസൻ ഡാർക്ക്നെറ്റിൽ സജീവമാണെന്നാണ് എൻസിബി കണ്ടെത്തിയിരിക്കുന്നത്.
കോവിഡ് കാലത്തിനു ശേഷമാണ് ഡാർക്ക്നെറ്റിലൂടെ ലഹരി മരുന്ന് വിൽക്കുന്നതിന്റെ സാധ്യതകൾ തിരിച്ചറിയുന്നതും ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ ലഹരി വിൽപനക്കാരനായി മാറുന്നതും.
തിരികെ എത്തിയ ശേഷമാണ് ലഹരിയിലേക്കു കൂടുതൽ ആഴ്ന്നിറങ്ങിയത്. പെട്ടെന്ന് തന്നെ ‘കെറ്റാമെലോൺ’ എന്ന പേരിൽ എഡിസന് വിശ്വാസ്യതയേറി.
രണ്ടു വർഷത്തിനിടയിൽ ആറായിരത്തോളം ലഹരി ഇടപാടുകൾ എഡിസൻ നടത്തിയിട്ടുണ്ടെന്നാണ് എൻസിബി വെളിപ്പെടുത്തിയത്.