കൊച്ചി നഗരത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ പേരിൽ വൻ തട്ടിപ്പ്. രാജ്യദ്രോഹക്കേസിൽ പ്രതിചേർത്തു എന്നും അക്കൗണ്ട് പരിശോധിക്കാണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തി പണം തട്ടുന്നത്. കൊച്ചി നഗരത്തിലെ ഒരു കത്തോലിക്ക വൈദികന് ഇത്തരത്തിൽ നഷ്ടപ്പെട്ടത് അഞ്ചുലക്ഷം രൂപയാണ്.
കഴിഞ്ഞമാസം 26 തീയതിയാണ് വൈദിക ഫോൺകോൾ എത്തിയത്. 2023 സെപ്റ്റംബറിൽ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത നരേഷ് ഗോയൽ എന്നയാളിന്റെ കള്ളപ്പണം ഇടപാട് സംഘത്തിൽ നിന്ന് വൈദികന്റെ അക്കൗണ്ട് വിശദാംശങ്ങൾ ലഭിച്ചു എന്നായിരുന്നു കോൾ. പണമിടപാട് നടന്നതിന്റെ വിശദാംശങ്ങളും ആധാറും മൊബൈൽ നമ്പർ ഉൾപ്പെടെ സംഘം തെളിവായി കാണിച്ചു. അഭിഭാഷകനോട് സംസാരിക്കണം എന്ന് വൈദികൻ പറഞ്ഞെങ്കിലും അതീവ രഹസ്യ സ്വഭാവമുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങൾ ആരോടും പരസ്യപ്പെടുത്തരുതെന്നും ഇല്ലെങ്കിൽ ലോക്കൽ പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്യും എന്നും ഭീഷണിപ്പെടുത്തി. കോടതി ഉത്തരവും അറസ്റ്റ് വാറന്റുമുൾപ്പെടെയുള്ള രേഖകളും വൈദികനെ കാണിച്ചു.
പിന്നീടാണ് തട്ടിപ്പ്. പണം ഇടപാട് നടന്ന അക്കൗണ്ടിന്റെ വിശദാംശങ്ങൾ പരിശോധിക്കണമെന്നും അതിനായി പണം അയക്കാനും ആവശ്യപ്പെട്ടു. ഫോൺ കോൾ കട്ട് ചെയ്യാതെ തന്നെ ബാങ്കിൽ പോയി 5 ലക്ഷം രൂപ അയക്കണമെന്ന് ആവശ്യം വന്നതോടെ വൈദികൻ അനുസരിച്ചു. പിന്നീട് സംശയം തോന്നിയതോടെയാണ് പോലീസിൽ പരാതി നൽകിയത്. ഇത്തരത്തിലുള്ള തട്ടിപ്പ് നഗരത്തിൽ വ്യാപകമാകുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ 45 ദിവസത്തിനിടെ ആറു കേസുകളാണ് ഇത്തരത്തിൽ കൊച്ചി നഗരത്തിൽ മാത്രം രജിസ്റ്റർ ചെയ്തത്.