യുകെയിൽ ബ്രിസ്‌റ്റോളിലെ മറ്റേണിറ്റി ആശുപത്രിയില്‍ വൻ അഗ്നിബാധ. വന്‍തീപിടുത്തത്തില്‍ നിന്നും രോഗികളെ രക്ഷപ്പെടുത്തി. ആശുപത്രി ജീവനക്കാര്‍ ഗര്‍ഭിണികളെയും, കുഞ്ഞുങ്ങളെയും അടുത്തുള്ള ലൈബ്രറിയിലെക്ക് മാറ്റിയാണ് രക്ഷപ്പെടുത്തിയത്.
തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായാണ് എവോണ്‍ ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസ് വ്യക്തമാക്കുന്നത്. വൈകുന്നേരം 7 മണിയോടെ തീ സുരക്ഷിതമായി അണച്ചതായി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബ്രിസ്റ്റോളും വെസ്റ്റൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റും അറിയിച്ചു. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആരും അപകടത്തില്‍ പെട്ടിട്ടില്ല. സമയോചിതമായ ഇടപെടലാണ് ആളുകളെ സ്ഥലത്തുനിന്നും മാറ്റാന്‍ സഹായിച്ചത്.
സംഭവസ്ഥലത്ത് നിന്ന് ഇടതൂർന്ന കറുത്ത പുക ഉയരുന്നതും ഗർഭിണികളായ സ്ത്രീകളെ പുറത്തേക്ക് കൊണ്ടുപോകുന്നതും കണ്ടതായി ദൃക്‌സാക്ഷികൾ വിവരിച്ചതായി ബ്രിസ്റ്റോൾ ലൈവ് റിപ്പോർട്ട് ചെയ്യുന്നു. നഗരമധ്യത്തിലുടനീളം ദൃശ്യമായ കൂറ്റൻ പുകമേഘങ്ങൾ ബ്രിസ്ലിംഗ്ടൺ വരെ എത്തിയതായി ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നു.
സൗത്ത്‌വെല്‍ സ്ട്രീറ്റിലെ സെന്റ് മൈക്കിള്‍സ് ഹോസ്പിറ്റലില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് മേല്‍ക്കൂരയില്‍ നിന്നും വന്‍തോതില്‍ പുക ഉയര്‍ന്നത്. അഗ്നിശമനസേനാ വിഭാഗങ്ങള്‍ കുതിച്ചെത്തി തീപിടുത്തം തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന നിരവധി സോളാര്‍ പാനലുകള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.
മേല്‍ക്കൂരയില്‍ അഗ്നി പടര്‍ന്നതോടെയാണ് കുഞ്ഞുങ്ങളെയും, അമ്മമാരെയും മാറ്റേണ്ടി വന്നതെന്ന് ഒരു ഡോക്ടര്‍ പറഞ്ഞു. കുഞ്ഞുങ്ങളെല്ലാം സുരക്ഷിതരാണെന്നും അധികൃതർ സ്ഥിരീകരിച്ചു.
തീപിടുത്തം ഉണ്ടായതോടെ രോഗികള്‍ക്ക് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താക്കന്‍മാരെ ആദ്യം പുറത്തേക്ക് മാറ്റി. ഇതോടെ ഭാര്യമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും എന്ത് സംഭവിച്ചെന്ന ആശങ്കയിലായി പലരും. പലരും ഫോണില്‍ ഭാര്യയെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. 19:00 ഓടെ ആശുപത്രി വീണ്ടും തുറന്നതോടെ ആശങ്കകൾക്ക് വിരാമമായി.