സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബ വീട് ഇടിച്ചുനിരത്തി പ്രതിഷേധക്കാർ. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് വീട് ഇടിച്ചുനിരത്തിയത്.
ഹസീനയുടെ പാർട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകളും തീവെച്ച് നശിപ്പിച്ചു. ആയിരത്തിലേറെ കലാപകാരികളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.
ബുധനാഴ്ച രാത്രി 9നാണ് ഹസീന സമൂഹ മാധ്യമം വഴി ബംഗ്ലദേശ് പൗരന്മാരോട് സംസാരിച്ചത്. ഇതേസമയത്താണ് കലാപകാരികൾ ഒന്നിച്ചെത്തി അവരുടെ വീട് തകർത്തു തരിപ്പണമാക്കിയത്.
ക്രെയിനും എക്‌സ്‌കവേറ്ററും ഉപയോഗിച്ചായിരുന്നു ആക്രമണം. കെട്ടിടം പൂർണമായും പൊളിച്ചുമാറ്റി. വീട്ടിലെ സാധനങ്ങളെല്ലാം കത്തിച്ചു. മുതിർന്ന അവാമി ലീഗ് നേതാക്കളുടെ വീടുകളും അക്രമികൾ നശിപ്പിച്ചവയുടെ കൂട്ടത്തിലുണ്ട്.
ബുൾഡോസറുകൾ ഉപയോഗിച്ച് രാജ്യത്തിന്റെ സ്വാതന്ത്ര്യം നശിപ്പിക്കാൻ കഴിയില്ലെന്ന് ഹസീന പ്രതികരിച്ചു. ”ഒരു കെട്ടിടം അവർ തകർത്തേക്കാം, പക്ഷേ ചരിത്രം മായ്ക്കാൻ അവർക്ക് കഴിയില്ല’’– ഹസീന പറഞ്ഞു.
ബംഗ്ലദേശ് സ്ഥാപകനും രാഷ്ട്രപിതാവുമായ മുജീബുർ റഹ്മാന്റെ വസതി കൂടിയാണ് കലാപകാരികൾ തകർത്തത്. മുജീബുർ റഹ്മാന്റെ മകളാണ് ഷെയ്ഖ് ഹസീന.