തിരുവനന്തപുരം: രണ്ടുവയസ്സുകാരിയെ വിൽപ്പനക്ക് കൊണ്ടുപോയതാണെന്ന സംശയത്തിൽ അന്വേഷണസംഘം. അതേസമയം പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുടുംബം അന്വേഷണത്തോട് സഹകരിക്കാത്തത് വെല്ലുവിളിയാവുകയാണ്. എതിർപ്പ് വകവെയ്ക്കാതെ ഡി.എൻ.എ. പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിളെടുത്തിട്ടുണ്ട്. ഇത് പോലീസിന്റെ ഫൊറൻസിക് ലാബിലേക്കയച്ചു. ഫലം ഒരാഴ്ചയ്ക്കകം ലഭിച്ചേക്കും. രക്തത്തിൽ മദ്യത്തിന്റെ അംശം അടങ്ങിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
എന്നാൽ കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് വിട്ടയയ്‌ക്കണം എന്നാവശ്യപ്പെട്ട് കുടുംബം കഴിഞ്ഞ ദിവസം ബഹളം വച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കളാണ് ആശുപത്രിയില്‍ ബഹളം വച്ചത്. കുട്ടിയെ കിട്ടിയതിനാല്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും തുടര്‍നടപടികളോട് താല്‍പര്യം ഇല്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
കുട്ടിയെ ഒരാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കണമെന്നാണ് ആശുപത്രി അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുളളത്. ഇതിനെതിരെയാണ് പ്രതിഷേധം. അമ്മയ്ക്കൊപ്പം അഭയകേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയെ വീണ്ടും കൗണ്‍സിലിംഗ് നടത്തി. നിര്‍ണായകമായ എന്തെങ്കിലും വിവരം ലഭിക്കുമോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കാര്യമായ തുന്പൊന്നും പൊലീസിന് ഇതുവരെ കിട്ടിയിട്ടില്ല.
കുട്ടിയെ കണ്ടുകിട്ടി മൂന്ന് ദിവസമായിട്ടും കേസില്‍ ദുരൂഹത മാറിയിട്ടില്ല.കൊച്ചുവേളി റെയില്‍വെ സ്റ്റേഷന് സമീപത്തെ ഓടയ്‌ക്ക് അരികില്‍ നിന്നാണ് കുട്ടിയെ കിട്ടിയത് .കുട്ടി എങ്ങനെ ഇവിടെ എത്തിയെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. കുഞ്ഞിനെ ആരെങ്കിലും പൊന്തക്കാടിന് സമീപം ഉപേക്ഷിച്ചതാകാമെന്ന സംശയത്തിലാണ് പൊലീസ്.
കുട്ടി റെയില്‍വെ ട്രാക്കിന് സമീപത്തേക്ക് പോയിട്ടില്ലെന്നും കിടക്കുന്ന സ്ഥലം വിട്ട് കുട്ടികള്‍ പോയിട്ടില്ലെന്നും അച്ഛന്‍ അമര്‍ദീപ് കുര്‍മി പറഞ്ഞു. സംഭവത്തില്‍ ആരെയും സംശയിക്കുന്നില്ലെന്നും തങ്ങളുടെ സംഘത്തിലുള്ളവര്‍ കുട്ടിയെ കൊണ്ടു പോകില്ലെന്നും അപ്പൂപ്പന്‍ വ്യക്തമാക്കി.
കുഞ്ഞിന്റെ ശരീരത്തിൽ പോറലേറ്റ പാടുകളൊന്നുമില്ല.കുഞ്ഞ് എങ്ങനെ ഓടയിലെത്തിയെന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നുവെന്നും അന്വേഷണം പുരോഗമിക്കുന്നതായും ഡി.സി.പി. നിധിൻ രാജ് പറഞ്ഞു.
അന്വേഷണം കഴിയുന്നതുവരെ കുഞ്ഞ് തലസ്ഥാനത്തു തുടരണമെന്ന് ബന്ധുക്കൾക്ക് പോലീസ് നിർദേശം നൽകി.പൊന്തക്കാട്ടിലേക്ക് കുഞ്ഞ് സ്വയം നടന്നുപോകില്ലെന്നാണ് അച്ഛൻ പറയുന്നത്. കിടക്കുന്ന സ്ഥലം വിട്ട് ഇതേവരെ കുഞ്ഞ് പോയിട്ടില്ല.കുഞ്ഞ് റെയിൽവേ ട്രാക്കിനു സമീപത്തേക്കു പോയിട്ടില്ലെന്നും അച്ഛൻ പറയുന്നു. സംഭവത്തിൽ കൂട്ടത്തിലുള്ളയാളുകളെ സംശയമില്ലെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. നാടോടിസംഘങ്ങളെ കേന്ദ്രീകരിച്ചും സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്.
രണ്ടുദിവസമായി എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞ് വ്യാഴാഴ്ച വൈകീട്ടോടെ ആശുപത്രി വിട്ടു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. കുട്ടിയെ വേഗം വിട്ടുതരണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ വ്യാഴാഴ്ച രാവിലെ ആശുപത്രിയിൽ ബഹളമുണ്ടാക്കിയിരുന്നു. നാലുമണിക്കൂർ നേരം ഇവർ പ്രതിഷേധിച്ചു.
ഇതിനു പിന്നാലെ കുട്ടിയെ ഡിസ്ചാർജ് ചെയ്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലേക്കു മാറ്റി. ഇവിടെനിന്ന് അമ്മയെയും കുഞ്ഞിനെയും വഞ്ചിയൂരിലുള്ള സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റാൻ കമ്മിറ്റി ഉത്തരവിട്ടെങ്കിലും മാതാപിതാക്കൾ പോകില്ലെന്നു ശാഠ്യംപിടിച്ചു.അതിനാൽ ഇവരെ മാറ്റാനായില്ല. നാട്ടിലേക്കു വിടണമെന്നാണ് ഇവരുടെ ആവശ്യം. അന്വേഷണം കഴിഞ്ഞാൽ മാത്രമേ കുഞ്ഞിനെ വിട്ടുനൽകൂവെന്ന് ജില്ലാ ബാലക്ഷേമസമിതി അധ്യക്ഷ ഷാനിബ ബീഗം വ്യക്തമാക്കി.
കൗൺസലറുടെ സഹായത്തോടെ കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു.പേടി വിട്ടുമാറിയിട്ടില്ലാത്തതിനാൽ കുഞ്ഞിന് കൗൺസിലിങ് ഏർപ്പാടാക്കുന്നുണ്ട്. അതിനിടെ, കുഞ്ഞിന്റെ ബന്ധുക്കളായ മൂന്നുപേരെ പേട്ട പോലീസ് ചോദ്യംചെയ്തു. ഇവരുടെ മൊഴികൾ രേഖപ്പെടുത്തി. നേരത്തേ കൊടുത്ത മൊഴികളിൽ വൈരുധ്യമുള്ളതിനാലാണ് വീണ്ടും ചോദ്യംചെയ്തത്.