ഏലമല കാടുകളിൽ വനം വകുപ്പിന്റെ അവകാശ വാദങ്ങൾ സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതി ഉടൻ പരിഗണിക്കുന്നതിനാൽ സർക്കാർ സുതാര്യവും സത്യസന്ധവുമായ നടപടി സ്വീകരിച്ച് ഏലമല കാടുകൾ വനഭൂമിയാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ.
രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററൽ കൗൺസിലിന്റെ ആറാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി കർഷകർ അധിവസിക്കുന്ന പ്രദേശത്തു നിന്നും കുടിയിറക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഭരണനേതൃത്വങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മുൻകാല വീഴ്ചകളുടെ പേരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളി ഉയരുമ്പോൾ സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാരിനാകണമെന്നും അദ്ദേഹം പറഞ്ഞു.
കർഷക ജനതക്ക് എതിരായ നിലപാട് സ്വീകരിക്കരുതെന്നും കുടിയേറ്റ ജനതയെ സംരക്ഷിക്കുന്നതിനുള്ള ന്യായമായ തീരുമാനം സർക്കാർ സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ പാസ്റ്ററൽ കൗൺസിലും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ പശ്ചിമഘട്ട പരിസ്ഥിതിലോല അന്തിമവിജ്ഞാപനം വനത്തിനുള്ളിൽ മാത്രമായി നിജപ്പെടുത്തണമെന്നാണ് പാസ്റ്ററൽ കൗൺസിൽ പറയുന്നത്.