ഏപ്രില്‍ മാസത്തില്‍ പ്രാബല്യത്തില്‍ വരുന്ന ദേശീയ ഇന്‍ഷുറന്‍സിലെ വര്‍ധനവും, വേതനത്തില്‍ ഉണ്ടാകുന്ന വര്‍ധനവും നടത്തിപ്പ് ചിലവ് വര്‍ദ്ധിപ്പിക്കുന്നതിന് മുന്നോടിയായി യു കെയിൽ കമ്പനികൾ ജോലിക്കാരെ വൻതോതിൽ വെട്ടിക്കുറയ്ക്കുന്നതായി റിപ്പോർട്ട്. യുകെയിലെ ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇരുട്ടടിയാവുകയാണ് പുതിയ തീരുമാനം. ഏപ്രില്‍ മുതല്‍, £9,100-ന് മുകളിലുള്ള ശമ്പളത്തിന് 13.8% എന്നതിന് പകരം, £5,000-ന് മുകളിലുള്ള ശമ്പളത്തിന് 15% എന്ന നിരക്കില്‍ തൊഴിലുടമകള്‍ ദേശീയ ഇന്‍ഷുറന്‍സ് നല്‍കേണ്ടിവരും
സിഐപിഡി സര്‍വേ പ്രകാരം, 2,000 സ്ഥാപനങ്ങളില്‍ മൂന്നിലൊന്ന് പേര്‍ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടോ, കുറച്ച് തൊഴിലാളികളെ മാത്രം നിയമിച്ചുകൊണ്ടോ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ പദ്ധതിയിടുന്നതായാണ് വിവരം. ചൊവ്വാഴ്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന ഏറ്റവും പുതിയ ഔദ്യോഗിക തൊഴില്‍ കണക്കുകള്‍ക്ക് മുന്നോടിയായാണ് ഈ കണ്ടെത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്.
നിരവധി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. തൊഴിലുടമകളുടെ ദേശീയ ഇന്‍ഷുറന്‍സ് വിഹിതത്തിലേക്കുള്ള (എന്‍ഐസി) വര്‍ദ്ധനവും, ഒക്ടോബറിലെ ബജറ്റില്‍ പ്രഖ്യാപിച്ച ദേശീയ മിനിമം വേതനത്തിലെ വര്‍ദ്ധനവും ഏപ്രില്‍ മാസത്തില്‍ പ്രാബല്യത്തില്‍ വരും.
ഫെഡറേഷന്‍ ഓഫ് സ്‌മോള്‍ ബിസിനസ്സ് നടത്തിയ പഠനത്തില്‍, യുകെയിലെ നിരവധി മലയാളി ജീവനക്കാരെയും, വിദ്യാര്‍ത്ഥി വിസയില്‍ എത്തിയവരെയും ഈ സാഹചര്യം പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണല്‍ ആന്‍ഡ് ഡെവലപ്മെന്റ് (സിഐപിഡി) പോലുള്ള സ്ഥാപനങ്ങളും സമാനമായ രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്.