മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ മുഖ്യ പ്രതിയായ ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കോടതിയിൽ ഹാജരാകണം എന്ന് കോടതി. മുഴുവൻ പ്രതികളോടും ഹാജരാകാൻ കോടതി നിർദേശം നൽകി. കേസിൽ സുരേന്ദ്രൻ നൽകിയ വിടുതൽ ഹർജി ഈ മാസം 25ന് പരിഗണിക്കും.. പ്രതികളുടെ വാദം തള്ളിയാണ് ഹാജരാകാൻ ഉത്തരവിട്ടത്.
കേസിൽ വിടുതൽ ഹർജി നൽകിയതിനാൽ ഹാജരാകേണ്ടതില്ലെന്ന് സുരേന്ദ്രന്റെതടക്കം പ്രതികളുടെ ഏഴ് അഭിഭാഷകർ വാദിച്ചു. പ്രതികൾ ഒരിക്കൽ പോലും കോടതിയിൽ ഹാജരായിട്ടില്ലെന്നും കേസ് സംബന്ധമായ രേഖകൾ നേരിട്ട് കൈപ്പറ്റാത്ത സാഹചര്യത്തിൽ പ്രതിഭാഗം അഭിഭാഷകരുടെ വാദം നിലനിൽക്കില്ലെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി ഷുക്കൂറും വാദിച്ചു. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാർഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുന്ദര തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തുടർന്ന് അന്നത്തെ എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന വി.വി. രമേശന്റെ പരാതിയിൽ 2021 ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. കേസെടുത്തതും പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്നാണ് സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ വാദം.
Read Also :ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടു