ന്യൂഡല്‍ഹി: മണിപ്പൂരില്‍ നിന്ന് വീണ്ടും കൂട്ടബലാത്സംഗം വിവരങ്ങള്‍ പുറത്ത്. ഇംഫാലില്‍ ആയുധധാരികളായവര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് 18 കാരിയുടെ പരാതി. സ്ത്രീകളെ നഗ്‌നാരാക്കി നടത്തിയ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. സ്ത്രീകളുടെ സംഘമാണ് തന്നെ ബലാത്സംഗം ചെയ്യാന്‍ വിട്ട് നല്‍കിയതെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. മെയ് 15 ന് നടന്ന സംഭവത്തിന് പിന്നില്‍ അറംബായി തെങ്കോല്‍ സംഘമാണെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ നാഗാലാന്റിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കും. പൊലീസ് ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിലവില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം ആറ് പേരാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ഇതിനിടെ മിസോറാമിലുള്ള മെയ്‌ത്തെയ് വിഭാഗത്തെ സുരക്ഷാ സാഹചര്യങ്ങളെ തുടര്‍ന്ന് മണിപ്പൂരില്‍ എത്തിക്കാനുള്ള ആലോചനയുണ്ട്. മെയ്‌ത്തെയ് വിഭാഗക്കാര്‍ സംസ്ഥാനം വിടണമെന്ന് ചില തീവ്ര സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി ആലോചിക്കുന്നത്. വ്യോമ മാര്‍ഗ്ഗം ഇവരെ നാട്ടിലെത്തിക്കാനാണ് ആലോചനകള്‍ നടക്കുന്നത്.