തിരുവനന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിദര്‍ഭയ്ക്കും ഛത്തീസ്ഗഡിനും മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാലാണ് മഴയ്ക്കു സാധ്യത.
തെക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശിനും തെക്ക് കിഴക്കന്‍ രാജസ്ഥാനും വടക്ക് കിഴക്കന്‍ ഗുജറാത്തിനും മുകളിലായും, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായും മറ്റു രണ്ടു ചക്രവാതച്ചുഴികളും നിലനില്ക്കുന്നു. തിങ്കളാഴ്ചയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഒഡീഷ – ആന്ധ്രപ്രദേശ് തീരത്തിനു സമീപം പുതിയൊരു ന്യുനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.
ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ 6 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കേരള തീരത്ത് മൂന്നര മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍നിന്നു മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല.