താമരശ്ശേരി: വീട്ടിലെ ആവശ്യത്തിനെന്നെ വ്യാജേന പാത്രങ്ങൾ വാടകയ്ക്കെടുത്ത് യുവാവ് അവ ആക്രിക്കടയിൽ മറിച്ചുവിറ്റു. കോഴിക്കോട് താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പരപ്പൻപൊയിലിലെ ഒകെ സൗണ്ട്‌സ് എന്ന വാടകസ്റ്റോറിൽ ആണ് സംഭവം.
വീട്ടിലെ ചടങ്ങിന് ബിരിയാണി വെക്കാൻ പാത്രങ്ങൾ വേണമെന്നാവശ്യപ്പെട്ട് വാടകസ്റ്റോറിലെത്തി ബിരിയാണിച്ചെമ്പുകളും ഉരുളിയും ചട്ടുകവും കോരിയുമെല്ലാം കൊണ്ടുപോകുകയായിരുന്നു.
ശനിയാഴ്ച രാവിലെ വാടകയ്ക്കെടുത്ത പാത്രങ്ങളാണ് കടയിൽ നിന്നും ആറരക്കിലോമീറ്റർ അകലെയുള്ള പൂനൂർ ചീനിമുക്കിലെ ആക്രിക്കടയിൽ വിറ്റത്.
എന്നാൽ പറഞ്ഞ ദിവസമായിട്ടും സാധനങ്ങൾ തിരിച്ചെത്താതെ വന്നതോടെ കടയുടമ അന്വേഷിച്ചപ്പോഴാണ് സംഭവം മോഷണമായിരുന്നെന്ന് രണ്ടുകടക്കാരും തിരിച്ചറിഞ്ഞത്.
വിറ്റൊഴിവാക്കാനുള്ള പഴയ വാടകസാധനങ്ങളാണെന്ന് വിശ്വസിപ്പിച്ചാണ് പാത്രങ്ങൾ വിറ്റത്. രണ്ടു ബിരിയാണിച്ചെമ്പും രണ്ട് ഉരുളിയും ആക്രിക്കടയിൽ നൽകി 11,500 രൂപയും ഗുഡ്‌സ് ഓട്ടോയുടെ കടത്തുകൂലിയെന്നു പറഞ്ഞ് 300 രൂപയും യുവാവ് കൈക്കലാക്കി.
ശനിയാഴ്ച രാവിലെ 11 മണിക്കാണ് യുവാവ് കടയിലെത്തിയത്. അണ്ടോണ ചാടിക്കുഴി അമ്പലത്തിനുസമീപത്താണ് വീടെന്നും സൽമാനാണ് പേരെന്നും ഇയാൾ പറഞ്ഞു. തുടർന്ന് ‘വീട്ടിൽ ഒരു ഫങ്ഷനുണ്ട്, ബിരിയാണിവെക്കാൻ പാത്രങ്ങൾ വേണം’ എന്ന് ആവശ്യപ്പെട്ടു.
രണ്ട് ബിരിയാണിച്ചെമ്പും രണ്ട് ഉരുളിയും ഓരോ ചട്ടുകവും കോരിയുമായി നാല്പതിനായിരത്തോളം രൂപ വിലയുള്ള സാധനങ്ങളാണ് ഇയാൾ വാടകയ്ക്കെടുത്തത്.
സാധാരണമായി ബിരിയാണി വെക്കാൻ വട്ടയാണ് ഉപയോഗിക്കുന്നതെന്ന് കടക്കാരൻ പറഞ്ഞപ്പോൾ ‘ദം ഇട്ട് വെക്കാൻ ചെമ്പാണ് നല്ലത്’ യുവാവിന്റെ മറുപടി.
ഞായറാഴ്ചയാണ് പരിപാടിയെന്നും തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിക്കും എന്നുമായിരുന്നു പറഞ്ഞത്. എന്നാൽ, തിങ്കളാഴ്ച വൈകുന്നേരമായിട്ടും സാധനങ്ങൾ തിരിച്ചു വരാതായതോടെ കടയുടമ യുവാവ് തന്ന ഫോൺനമ്പറിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പറഞ്ഞ പേരും വിലാസവുമെല്ലാം വ്യാജമാണെന്ന് നസ്സിലായി.
പിന്നീടാണ് സമീപത്തെ ആക്രിക്കടയിലേക്ക് പാത്രങ്ങളെത്തിച്ച് മറിച്ച് വിൽപ്പന നടത്തിയെന്നത് മനസ്സിലാവുന്നത്. രണ്ടുസ്ഥലത്തും ഒരേ നമ്പറായിരുന്നു യുവാവ് നൽകിയത്.
ഒകെ സൗണ്ട്സ് ഉടമ പരപ്പൻപൊയിൽ ചെമ്പ്രക്കുന്നത്ത് റഫീഖിന്റെ പരാതിയിൽ താമരശ്ശേരി പോലീസ് അന്വേഷണമാരംഭിച്ചു.
Summary: Man rents utensils under false pretenses and sells them to scrap shop in Kozhikode. The fraud occurred at OK Sounds rental store in Parappanpoyil, Thamarassery.