ആലപ്പുഴ: കുടുംബവഴക്കിനെത്തുടർന്ന് ഹൗസ്‌ബോട്ട് യാത്രക്കിടെ കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു. തമിഴ്‌നാട് തിരുനെൽവേലി ലെവഞ്ചിപുരം പഞ്ചായത്ത് രണ്ടാം വാർഡിൽ കോയിൽതെണ്ട തെരുവിൽ ജോസഫ് ഡി. നിക്‌സൺ (58) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആർ ബ്ലോക്കിനു സമീപത്തെ ചിത്തിരക്കായലിലാണ് സംഭവം.(Man drowned while trying to rescue his daughter who jumped into backwaters)
തിരുനെൽവേലിയിൽ നിന്നാണ് സംഘം ആലപ്പുഴയിലെത്തിയത്. ബന്ധുക്കളടങ്ങുന്ന 13 അംഗ സംഘമാണ് പുരവഞ്ചിയിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ കുടുംബാംഗങ്ങളുമായി വഴക്കിട്ട സഭയ ബിനിഷ (30) പുരവഞ്ചിയിൽനിന്ന് കായലിലേക്കു ചാടുകയായിരുന്നു. ഇവരെ രക്ഷിക്കാനായി ജോസഫും മകനും കായലിലേക്കു ചാടി.
നിലവിളികേട്ട് ഓടിയെത്തിയ പുരവഞ്ചി ജീവനക്കാർ ജോസഫിനെയും മകനെയും രക്ഷപ്പെടുത്തി സ്പീഡ് ബോട്ടിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫിനെ രക്ഷിക്കാനായില്ല. വെള്ളത്തിൽനിന്നു കരയ്ക്കുകയറാൻ കൂട്ടാക്കാതിരുന്ന യുവതിയെ ബന്ധുക്കളും ജീവനക്കാരും ചേർന്ന് ബലമായി കരയ്ക്കുകയറ്റി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവർ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവത്തിൽ പുളിങ്കുന്ന് പോലീസ് കേസെടുത്തു. ജോസഫിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.