ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബ്രഹ്മയുഗം. ചിത്രം ഫെബ്രുവരി 14-നാണ് തിയറ്ററുകളിലെത്തുക. ഭൂതകാലം എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഭ്രമയുഗം സിനിമ കാണാനായി മുൻവിധികളോടെ വന്നു കണ്ടാല്‍ അത് ആസ്വാദനത്തെ ബാധിക്കുമെന്നും ഒരു കഥയും മനസില്‍ വിചാരിക്കരുതെന്നും എങ്കില്‍ മാത്രമേ ചിത്രം ആസ്വദിക്കാൻ സാധിക്കുകയുള്ളൂവെന്നും മമ്മൂട്ടി പറയുന്നു.
മമ്മൂട്ടിയുടെ വാക്കുകൾ:
”ഈ സിനിമ കാണാൻ വരുന്നവരോട് എനിക്കൊരു അപേക്ഷയുണ്ട്. ട്രെയിലർ കാണുമ്ബോള്‍ നിങ്ങള്‍ക്ക് പലതും തോന്നിയിട്ടുണ്ടാകും. പക്ഷേ ഒരു കഥയും മനസില്‍ വിചാരിക്കരുത്. സിനിമ കണ്ടതിനു ശേഷം ഞങ്ങള്‍ അങ്ങനെ വിചാരിച്ചു, ഇങ്ങനെ വിചാരിച്ചു, എന്ന് തോന്നാതെ ഇരിക്കാൻവേണ്ടിയാണ് ഇത്. ഈ സിനിമ ഒരു ശൂന്യമായ മനസോടു കൂടി കാണണം. എങ്കില്‍ മാത്രമേ ഈ സിനിമ ആസ്വദിക്കാൻ പറ്റൂ. യാതൊരു മുൻവിധികളും ഇല്ലാതെ ഇത് ഭയപ്പെടുത്തുമോ, ഞെട്ടിപ്പിക്കുമോ, സംഭ്രമിക്കുമോ, വിഭ്രമിപ്പിക്കുമോ, സന്തോഷിപ്പിക്കുമോ എന്ന് നിങ്ങള്‍ ആദ്യമേ ആലോചിക്കരുത്. അങ്ങനെ നിങ്ങള്‍ പ്രതീക്ഷിച്ചതുപോലെ സംഭവിക്കുമ്ബോള്‍ നിങ്ങളുടെ ആസ്വാദനം കുറഞ്ഞു പോകും. അതുകൊണ്ട് വളരെ ശുദ്ധമായ മനസോടെ, സന്തോഷത്തോടെ വന്ന് സിനിമ കാണൂ. ഇത് ഭയപ്പെടുത്തുമെന്നോ ഭീതിപ്പെടുത്തുമെന്നോ ആകുലപ്പെടുത്തുമെന്നോ ഞാൻ പറയുന്നില്ല.
ഇത് പുതുതലമുറയുടെ മലയാള സിനിമയിലെ പുത്തൻ അനുഭവം ആയിരിക്കും. ഈ സിനിമ 45 വർഷം മുമ്ബ് എടുത്തിരുന്നെങ്കിലും ഇതുപോലെ ഇരിക്കുമായിരിക്കാം. പക്ഷേ നമ്മള്‍ വർണങ്ങളില്‍ കാണുന്ന പല കാഴ്ചകളും കറുപ്പിലും വെളുപ്പിലും കാണിക്കുന്ന സിനിമയാണിത്. 18ാം നൂറ്റാണ്ടിന്‍റെ അവസാനം നടക്കുന്ന കഥയാണ് ഇത്. ആ കാലഘട്ടത്തിലാണ് പോർച്ചുഗീസുകാർ ഇന്ത്യയില്‍ വരുന്നത്. ഇന്ത്യയിലെ തന്നെ സാമൂഹിക രാഷ്ട്രീയ വ്യത്യാസത്തിന്‍റെ സമയമാണ്. ആ സമയത്തിനൊക്കെ ഈ സിനിമയില്‍ പ്രധാന്യമുണ്ട്. അതിനു മുമ്ബൊന്നും ഈ സിനിമയെക്കുറിച്ച് ഒന്നും ആലോചിക്കരുത്, തീരുമാനിക്കരുത്, ഉറപ്പിക്കരുത്.” മമ്മൂട്ടി പറഞ്ഞു.