എഴുപത്തി രണ്ടിലും സ്റ്റൈലായി ആരാധാകവൃന്ദത്തെ സൃഷ്ട്ടിക്കുന്ന മമ്മൂട്ടിയെക്കുറിച്ച് സംവിധായകൻ പി.ജി.പ്രേംലാൽ സാമൂഹിക മാധ്യമത്തിൽ പങ്ക് വച്ച കുറിപ്പ് വായിക്കാം.

പി.ജി.പ്രേംലാൽ , സംവിധായകൻ

ഒരു നടൻ വ്യക്തിയെന്ന നിലയിൽ തൻ്റെ സ്വത്വത്തെ കഴിയുന്നിടത്തോളം ഒളിപ്പിച്ചു നിർത്താനും കഥാപാത്രത്തെ തെളിയിച്ചുനിർത്താനും ശ്രമിക്കുമ്പോഴാണ് ,അതായത് വ്യക്തിയെന്ന നിലയിൽ
സ്വയം ആവർത്തിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുമ്പോഴാണ് അയാൾ മികച്ച നടനാവുന്നത്.

ഒരു യഥാർത്ഥ നടൻ ഒരേ സമയം രണ്ട് പഠനങ്ങൾ നിർവ്വഹിക്കേണ്ടതുണ്ട്.
ഒരു വ്യക്തിയെന്ന നിലയിൽ തൻ്റെ രൂപഭാവചലനങ്ങളും പ്രതികരണശീലങ്ങളും രൂപം കൊണ്ടിരിക്കുന്നത് എങ്ങനെയെന്നും എവിടെനിന്നെന്നും സാമൂഹ്യ-രാഷ്ട്രീയബോധത്തോടെ മനസ്സിലാക്കുക എന്നതാണ് ആദ്യത്തേത്. തൻ്റെ കഥാപാത്രത്തിൻ്റെ സാമൂഹികപശ്ചാത്തലവും ജീവിതാവസ്ഥകളുമെല്ലാം വേരുകളോടെ ഉൾക്കൊണ്ട് അവയുടെ ഭാവ -ചലനവ്യാഖ്യാനങ്ങളിലേയ്ക്ക് മനസ്സുകൊണ്ടും ശരീരം കൊണ്ടും മുങ്ങിനിവരുന്നതെങ്ങനെ എന്നതാണ് രണ്ടാമത്തെ പഠനം.

ഇതു രണ്ടും സമർത്ഥമായി നിർവ്വഹിച്ചിട്ടുള്ള മലയാളത്തിലെ രണ്ടു പ്രധാനപ്പെട്ട നടന്മാർ ഭരത് ഗോപിയും മമ്മൂട്ടിയുമായിരിക്കും.
ഇവരിൽത്തന്നെ ശബ്ദത്തിൻ്റെയും സംഭാഷണശൈലിയുടെയും സൂക്ഷ്മപ്രയോഗങ്ങളിലൂടെ കഥാപാത്രത്തെ ഭാവപരമായി വളർത്താൻ കൂടുതൽ ശ്രമിച്ചിട്ടുള്ളയാളാണ് മമ്മൂട്ടി. ഏറ്റവും ദുർഘടമായ ഒരു വഴിയാണത്. എളുപ്പത്തിൽ അടിതെറ്റി വീണുപോയേക്കാവുന്ന ഒരു വഴുവഴുപ്പൻ പാത. കിളിച്ചുണ്ടൻ മാമ്പഴത്തിലൊക്കെ മോഹൻലാലിനെപ്പോലെ ഒരു പ്രതിഭ പോലും വീണുപോയ വഴി. പുതിയ തലമുറയിലെ കഴിവുറ്റ പലരും വീണുപോകുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്ന വഴി. സ്വാഭാവികമായും മറ്റുള്ള നടന്മാർ ഒഴിവാക്കുന്ന ആ വഴിയാണ് മമ്മൂട്ടി ആവേശപൂർവ്വം ഏറ്റെടുക്കുന്നത് എന്നത് വിസ്മരിച്ചുകൂടാ. തൻ്റേതല്ലാത്ത ഒരു ഭാഷാശൈലി ഉപയോഗിച്ചുകൊണ്ട്, വൈകാരികമായി പ്രതികരിക്കേണ്ട രംഗങ്ങളിൽ അഭിനയിക്കുക എന്നത് ഒരു നടൻ്റെ വലിയ വെല്ലുവിളിയാണ്. അങ്ങനെയായിരിക്കെയാണ് വള്ളുവനാടൻ – കോഴിക്കോടൻ – കൊച്ചി-തിരുവനന്തപുരം -തൃശൂർ – ഉത്തരമലബാർ ശൈലികളിലേയ്ക്ക് ഒരു നടൻ കൂസലില്ലാതെ ഇറങ്ങിച്ചെല്ലുന്നത്.

‘വാത്സല്യ’ത്തിലെ മമ്മൂട്ടിയുടെ മേലേടത്ത് രാഘവൻനായർ ജനിച്ചുവളർന്ന അതേ വീട്ടിൽ തന്നെയാണ് സിദ്ദിഖ് അവതരിപ്പിക്കുന്ന അനുജനും വളർന്നിട്ടുള്ളത്. പക്ഷേ ,സിദ്ദിഖിൻ്റെ പ്രകടനത്തിൽ ഇല്ലാത്ത ഒന്ന് മമ്മൂട്ടിയുടെ പ്രകടനത്തെ വേറിട്ടുനിർത്തുന്നുണ്ട്. അത് ആ കഥാപാത്രത്തിൽ അടിമുടി നിറഞ്ഞു നില്ക്കുന്ന സവർണ്ണതയാണ്. 90-കളിലെ വള്ളുവനാട്ടിലെ നായർ തറവാടുകളിൽ അത്തരം നിരവധി കുടുംബനാഥന്മാർ ഉണ്ടായിരുന്നു. അവരെ മമ്മൂട്ടി മേലേടത്ത് രാഘവൻനായരിലേയ്ക്ക് സ്വാംശീകരിക്കുന്നത് ഭാവപ്രകടനങ്ങൾ കൊണ്ടുമാത്രമല്ല, ശബ്ദവും ശൈലീഭേദവും കൊണ്ടുകൂടിയാണ്. രാഘവൻ നായർ തൊണ്ടയിടറി വിതുമ്പുന്നത് മമ്മൂട്ടിയെപ്പോലെയല്ല, 90-കളിലെ സവർണ്ണാധികാര- ആണധികാര-രക്ഷാകർതൃബോധത്തിൻ്റെ പ്രതിനിധിയായ ഒരു വള്ളുവനാടൻ നായരായാണ്. ഭാവപ്രകടനങ്ങളോ വൈകാരികപ്രതികരണങ്ങളുടെ ആവിഷ്ക്കാരമോ മാത്രമല്ല സാമൂഹികാവസ്ഥകളുടെ പ്രതിഫലനവും അഭിനയത്തിലൂടെ സാദ്ധ്യമാണെന്ന് മമ്മൂട്ടി ഇത്തരം കഥാപാത്രങ്ങളിലൂടെ പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്. ‘പപ്പയുടെ സ്വന്തം അപ്പൂസി’ൽ മകൻ്റെ രോഗാവസ്ഥയറിഞ്ഞ് വിങ്ങിപ്പൊട്ടുന്ന രംഗങ്ങളിൽപ്പോലും മമ്മൂട്ടി എന്ന നടൻ തൻ്റെ കഥാപാത്രത്തിൻ്റെ ഉപരിവർഗ്ഗ സ്വഭാവവും പ്രതികരണശീലങ്ങളും കാത്തുസൂക്ഷിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിൽ,
സാമൂഹികഘടനകളെയും മനോനിലകളെയും പ്രതിനിധീകരിക്കുന്ന വിധത്തിൽ വൈകാരികമായ വൈവിധ്യങ്ങളോടെ തൻ്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കെല്പുള്ള ഒരു നടൻ്റെ സാന്നിദ്ധ്യം മമ്മൂട്ടി പ്രേക്ഷകനെ അനുഭവിപ്പിക്കുന്നു.
മറ്റൊരർത്ഥത്തിൽ, ആസ്വാദനപ്രക്രിയയിലേയ്ക്ക് പ്രേക്ഷകൻ്റെ സാമൂഹ്യബോധത്തെയും ചരിത്രബോധത്തെയും കൂടി ആവശ്യപ്പെടുന്ന തരത്തിൽ ഒരു നടൻ തൻ്റെ പ്രകടനത്തെ ഉയർത്തിവയ്ക്കുന്നുവെന്നും നിരീക്ഷിക്കാം.

വ്യത്യസ്ത മുഹൂർത്തങ്ങളിലെ വ്യത്യസ്ത ഭാവപ്രകടനങ്ങളിലേയ്ക്ക് സഞ്ചരിക്കുക എന്നതിനോടൊപ്പം
കഥാപാത്രത്തിൻ്റെ സ്ഥായീഭാവത്തെ കണ്ടെത്തുകയും അഭിനയിക്കുന്ന ഓരോ നിമിഷവും അത് നിലനിർത്തുകയും ചെയ്യുക എന്നതും ഒരു അഭിനേതാവിൻ്റെ പ്രധാനദൗത്യമാണ്. ‘പ്രാഞ്ചിയേട്ടൻ’ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഓരോ നിമിഷത്തിലും അയാളുടെ സ്വയംപൊങ്ങി മനോഭാവവും അപകർഷതാബോധങ്ങളും പ്രകടമാണ്. ‘വിധേയനി’ലെ പട്ടേലർ സിനിമയിലുടനീളം വാക്കിലും നോക്കിലും ചലനത്തിലും അധികാരധാർഷ്ട്യവും ഉടയോൻഭാവവും നിലനിർത്തുന്നത് വിസ്മയത്തോടെയല്ലാതെ കാണാൻ കഴിയില്ല. അതങ്ങിനെ നിലനിർത്തുകയെന്നത് ഒട്ടും ലളിതമായ ഒരു പ്രവർത്തനമല്ല. അങ്ങനെയിരിക്കെയാണ് മമ്മൂട്ടി എന്ന നടൻ ആന്തരികമായി സമാനതകളുള്ള സ്ഥായീഭാവങ്ങളെ പോലും പല ശൈലികളിൽ കണ്ടെടുത്ത് വ്യത്യസ്തമാക്കി അവതരിപ്പിക്കുന്നത്! വിധേയനിലെ കഥാപാത്രത്തിനുള്ള ധാർഷ്ട്യവും ഉടയോൻ ഭാവവുമെല്ലാം ‘പാലേരി മാണിക്യ’ത്തിലെ അഹമ്മദ് ഹാജി’യിലുമുണ്ട്. പക്ഷേ, ഒരു നിമിഷം പോലും ഹാജി പട്ടേലരാകുന്നില്ല ! വിധേയനിലെ ആദ്യ രംഗത്തിൽ തൊമ്മിയുടെ മുഖത്തേക്ക് നീട്ടിത്തുപ്പുന്നതുപോലെയല്ല അഹമ്മദ് ഹാജി വിപ്ലവം പറയുന്ന ബാർബറുടെ നേർക്ക് കാർക്കിച്ചുതുപ്പുന്നത്. രണ്ടും രണ്ടു വ്യത്യസ്തമായ ഭൂപ്രദേശങ്ങളിലെ വ്യത്യസ്തമായ സാമൂഹികാംശങ്ങളെ ഉൾക്കൊള്ളുന്ന പ്രതികരണ സ്വഭാവങ്ങളോടെയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ആ സൂക്ഷ്മനിരീക്ഷണത്തിൻ്റെ തുടർച്ച ഉടനീളം കഥാപാത്രവ്യാഖ്യാനത്തിൽ നിലനിർത്തിക്കൊണ്ടാണ് ഒരേ നടൻ
ശൈലീകൃതമായി രണ്ടു ധ്രുവങ്ങളിൽ നില്ക്കുന്ന രണ്ടു കഥാപാത്രങ്ങളായി പരുവപ്പെട്ടിരിക്കുന്നത്. അധികാര ധാർഷ്ട്യത്തിൻ്റെ അവസാന വാക്കായി ഭാസ്കര പട്ടേലർ നെഞ്ചും വിരിച്ച് രൂപംകൊണ്ട അതേ വർഷമാണ് കൂനിക്കൂടി തോളിടിഞ്ഞ പൊന്തൻമാടയായി, അടിമജീവിതത്തിൻ്റെ ആൾരൂപത്തിലേയ്ക്ക് മമ്മൂട്ടിയെന്ന നടൻ നടന്നുകയറിയതെന്നും ഓർമ്മിക്കാം.

മലയാള സിനിമയിലെ ആണത്തത്തിൻ്റെ അവസാനവാക്ക് വരിക്കാശ്ശേരി മനയിൽ ചാരുകസേരയിലിരുന്ന തമ്പുരാക്കന്മാർ അല്ല,
‘ഒരു വടക്കൻ വീരഗാഥ’യിലെ
ചന്തുവാണ്. നോട്ടത്തിലും ചലനത്തിലും ഭാവങ്ങളിലും എന്തിന് വൈകാരികത്തളർച്ചകളിൽ പോലും ഇത്രമേൽ പൗരുഷം നിലനിർത്തിയ മറ്റൊരു കഥാപാത്രമില്ല. “എനിക്കു പിറക്കാതെ പോയ മകനാണല്ലോ ഉണ്ണീ നീ” എന്ന് തൊണ്ടയിടറുന്ന ചന്തുവിൽ ‘വാത്സല്യ’ത്തിലെ രാഘവൻനായരുടെ ഇടറുന്ന ശബ്ദമോ ശൈലിയോ അല്ല മമ്മൂട്ടി എന്ന നടൻ കാഴ്ചവയ്ക്കുന്നത്. വിതുമ്പുമ്പോഴും പൗരുഷത്തിൻ്റെയും ആണധികാരത്തിൻ്റെയും ചരിത്രപരമായ മുറിപ്പാടുകൾ ചന്തുവിൽ നിലനില്ക്കുന്നുണ്ട്.
രാഘവൻ നായരും അമരത്തിലെ അച്ചൂട്ടിയും ചന്തുവും അടക്കിപ്പിടിച്ച വൈകാരികസംഘർഷങ്ങളാൽ തൊണ്ടയിടറിപ്പോകുന്ന മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. പക്ഷേ അഭിനയത്തിൻ്റെ ഒരേ കാഴ്ചയോ രസാനുഭവമോ അല്ല ആ രംഗങ്ങൾ പ്രേക്ഷകരിൽ നൃഷ്ടിക്കുന്നത്. ആ രംഗങ്ങളിലഭിനയിച്ച അതേ നടൻ ‘പളുങ്കി’ലെ മദ്ധ്യതിരുവിതാംകൂർ ക്രിസ്ത്യാനിയായ മോനിച്ചനായപ്പോൾ ബലാത്സംഗം ചെയ്യപ്പെട്ട് മരണപ്പെടുന്ന മകളുടെ ജഢം കണ്ട് അലമുറയിട്ട് നെഞ്ചത്തടിച്ചുകരയുന്ന loud ആയ അഭിനയത്തിലേയ്ക്കാണ് വഴി മാറുന്നത്. പല തരത്തിൽ, പല ശബ്ദങ്ങളിൽ, പല ശൈലികളിൽ കരയാനും ചിരിക്കാനും കഴിയുന്ന ഒരു അത്യപൂർവ്വ നടനമാതൃക !
അതിവൈകാരിക രംഗങ്ങളിലെപ്പോലും അഭിനയത്തെ കഥാപാത്രങ്ങളുടെ ജീവിതപരിസരങ്ങൾക്കനുസരിച്ച് മിതത്വമാർന്നതും ബഹളമാനമായതും അതിനിയന്ത്രിതമായതുമായ വൈവിധ്യങ്ങളിലേയ്ക്ക് രൂപപ്പെടുത്തുന്നു മമ്മൂട്ടിയെന്ന നടൻ !

അത്രയധികം ആഴത്തിൽ തൻ്റെ കഥാപാത്രങ്ങളുടെ സാമൂഹികവും സാംസ്കാരികവും വൈകാരികവുമായ ജീവിതാവസ്ഥകളെ പഠിക്കാൻ ശ്രമിക്കുന്ന,അതിനുള്ള ശേഷിയുള്ള ഒരു നടനു മാത്രമേ സമാനതകളുള്ള ഭാവപ്രതികരണങ്ങളെപ്പോലും വിവിധ രീതികളിൽ ആവിഷ്ക്കരിച്ചുകൊണ്ട് കഥാപാത്രങ്ങളെ വ്യത്യസ്തപ്പെടുത്താൻ കഴിയൂ. അതിനാവശ്യമായ സൂക്ഷ്മനിരീക്ഷണവും കഠിനപ്രയത്നവുമില്ലെങ്കിൽ അൽഷിമേഴ്സ് ബാധിച്ച കഥാപാത്രം ഭിന്നശേഷിക്കാരനെപ്പോലെ പെരുമാറുന്ന വിധത്തിൽ അഭിനയം വഴിമാറിപ്പോകും. യഥാർത്ഥത്തിൽ ഇത്തരം ഭിന്നശേഷിലക്ഷണങ്ങളെ പല നടന്മാരും എളുപ്പത്തിൽ രക്ഷപ്പെടാനുള്ള സൂത്രപ്പണിയാക്കി ഉപയോഗിക്കാറുണ്ട്.
ഉദാഹരണത്തിന്..അലസ സ്വഭാവമുള്ള, അത്യാവശ്യം മണ്ടത്തരങ്ങൾ കാണിക്കുന്ന, പൊതുബോധത്തിന് നിരക്കാത്ത തരം പ്രവർത്തനങ്ങൾ നടത്തുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ നമ്മുടെ ചെറുതും വലുതുമായ പല നടന്മാരും തങ്ങളുടെ പ്രകടനങ്ങളിൽ ഒരല്പം ‘ഭിന്നശേഷിത്വം’ കലർത്തുന്നതായി കാണാം. അഭിനയിക്കാനും അത്യാവശ്യം ചിരിയുണ്ടാക്കാനുമൊക്കെ അതാണെളുപ്പം എന്നതുതന്നെ കാരണം! എന്നാൽ ‘കൊടിയേറ്റ’ത്തിൽ പുതുപ്പെണ്ണുമായി യാത്ര പോകുമ്പോൾ ഷർട്ടിലേക്ക് ചെളി തെറിപ്പിച്ചു കടന്നുപോകുന്ന ലോറിയെ നോക്കി ‘ എന്തൊരു സ്പീഡാ’ എന്നു പറയുന്ന പഞ്ചപാവം ശങ്കരൻ കുട്ടിയിലോ ‘പഞ്ചവടിപ്പാല’ത്തിൽ സ്വന്തം പ്രതിമ അനാച്ഛാദനം ചെയ്ത് കുളിരണിയുന്ന ദുശ്ശാസനക്കുറുപ്പിലോ അത്തരം ഭിന്നശേഷിത്വത്തിൻ്റെ യാതൊരംശവും കണ്ടെത്താനാവില്ല. അത് തൻ്റെ കഥാപാത്രത്തിൻ്റെ ജീവിത-മാനസികാവസ്ഥകൾ എന്താണെന്ന് തിരിച്ചറിയാനുള്ള ഭരത്ഗോപി എന്ന അഭിനേതാവിൻ്റെ അസൂയാവഹമായ നൈപുണ്യം കൊണ്ട് സാദ്ധ്യമായതാണ്. അത്തരത്തിലൊരു പ്രകടനം കൊണ്ട് സവിശേഷശ്രദ്ധയർഹിക്കുന്ന കഥാപാത്രമാണ് തനിയാവർത്തനത്തിലെ ബാലൻ മാഷ്. ഭ്രാന്തല്ല, ഭ്രാന്തിലേയ്ക്കുള്ള സഞ്ചാരമാണ് ബാലൻമാഷ് പകർന്നാടുന്നത് എന്നത് വലിയൊരു അപൂർവ്വതയാണ്. മലയാളത്തിലെന്നല്ല, ഇന്ത്യൻസിനിമയിൽപ്പോലും അത്തരമൊരു കഥാപാത്രം ഉണ്ടായിട്ടുണ്ടോയെന്ന് സംശയം.

ഒരു നിമിഷം പോലും ഭ്രാന്തനെന്നു തോന്നിപ്പിക്കാത്ത, എന്നാൽ മനോനിലയുടെ കാര്യത്തിൽ ചില സന്ദർഭങ്ങളിലെങ്കിലും ആ കഥാപാത്രത്തിൻ്റെ കുടുംബാംഗങ്ങളിലും നാട്ടുകാരിലും (പ്രേക്ഷകരിലും) സന്ദേഹമുണർത്തുന്ന വിധത്തിലുള്ളതുമായ അതിസൂക്ഷ്മവും നിതാന്തനിയന്ത്രിതവുമായ അഭിനയമാണ് മമ്മൂട്ടി ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത്.
ഭ്രാന്തിൻ്റെ അയലത്തെ പറമ്പിലാണ് ബാലൻമാഷ് കാലൂന്നിനില്ക്കുന്നതെന്ന് കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞ ഒരു നടൻ അവതരിപ്പിച്ചതുകൊണ്ടാണ് ആ കഥാപാത്രം ഇന്നും മലയാളസിനിമയിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെത്തന്നെ അഭിനയഗോപുരങ്ങളിലൊന്നായി ഉയർന്നുനില്ക്കുന്നത്. അല്ലായിരുന്നുവെങ്കിൽ നാം കണ്ട മറ്റു പല ‘ഭ്രാന്തൻ’വേഷങ്ങളിലൊന്നായി ബാലൻമാഷ് ചുരുങ്ങിപ്പോകുമായിരുന്നു.

മികച്ച കലയെ അതിൻ്റെ ആന്തരികാർത്ഥങ്ങളോടെ മനസ്സിലാക്കുന്നതിലും ആസ്വദിക്കുന്നതിലും കാണിയുടെ സാമൂഹ്യബോധം ഒരു പ്രധാന ഘടകമാകുന്നുണ്ട്.
ഭൂതക്കണ്ണാടി’ എന്ന ചിത്രത്തിൽ മകളുടെ സുരക്ഷയെക്കുറിച്ചുള്ള ആധികൊണ്ട് മനോനില തകരാറിലാകുന്ന വിദ്യാധരൻ എന്ന കഥാപാത്രം തനിയാവർത്തനത്തിലെ ബാലൻ മാഷിൽ നിന്ന് എത്ര ഗംഭീരമായി വേറിട്ടുനിൽക്കുന്നുവെന്ന് തിരിച്ചറിയുകയും
ഭ്രാന്തിൻ്റെ കൊടിയേറ്റമല്ല, മറിച്ച് കൊടിമരം വഹിച്ചുള്ള യാത്രയാണ് ബാലൻമാഷ് നിർവ്വഹിക്കുന്നതെന്ന് ഉൾക്കൊള്ളുകയും ചെയ്യുന്നതിലേയ്ക്ക്
പ്രേക്ഷകൻ്റെ ബൗദ്ധികമായ ആസ്വാദനശേഷിയെക്കൂടി ആവശ്യപ്പെടുന്നുണ്ട് ആ പ്രകടനങ്ങൾ. കൂട്ടത്തിൽ,’സൂര്യമാനസം’ എന്ന ചിത്രത്തിലെ പുട്ടുറുമീസെന്ന ഭിന്നശേഷിക്കാരൻ കഥാപാത്രത്തിൻ്റെ പെരുമാറ്റരീതികളുമായി യാതൊരു വിധത്തിലും സാമ്യപ്പെടാതെ ‘മൃഗയ’യിലെ വാറുണ്ണിയുടെ പൊതുബോധത്തിന് നിരക്കാത്ത വഷളൻചിരിയെയും നോട്ടങ്ങളെയും കാൽ വലിച്ചുവെച്ചുള്ള നടത്തത്തെയും സംഭാഷണശൈലിയെയുമെല്ലാം മമ്മൂട്ടി രൂപപ്പെടുത്തിയിരിക്കുന്നതും ആ പ്രകടനത്തിലേയ്ക്ക് ‘ഭിന്നശേഷിത്വ’ത്തിൻ്റെ ലക്ഷണങ്ങൾ ലവലേശം പോലും കടന്നുവരാതിരിക്കാൻ പുലർത്തിയിരിക്കുന്ന ജാഗ്രതയും എടുത്തുപറയേണ്ടതാണ്.

എത്ര മോശം ഡയറക്ടറുടെ കീഴിലും തൻ്റെ സ്വാഭാവികമായ ശൈലിയിൽ കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കുന്ന നടന്മാരെ ‘ഡയറക്ടേഴ്സ് ആക്ടർ’ എന്നു വിളിക്കുന്നതിൽ വലിയൊരു വൈരുദ്ധ്യമുണ്ട്.
സ്വാഭാവികതയേ അല്ല മികച്ച അഭിനയം.
അങ്ങനെയായിരുന്നെങ്കിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ നടനെന്ന് ശങ്കരാടിയെ വിളിക്കേണ്ടി വരുമായിരുന്നല്ലോ! ഏതെങ്കിലുമൊരു സിനിമയിൽ അദ്ദേഹം അഭിനയിക്കുന്നതായി പ്രേക്ഷകന് അനുഭവപ്പെട്ടിട്ടുണ്ടാകാൻ ഇടയില്ല. എന്നാൽ അദ്ദേഹത്തിൻ്റെ പത്ത് സിനിമകൾ ഒരുമിച്ച് കണ്ടാൽ എല്ലാ സിനിമയിലും ഒരേ ഭാവപ്രകടനങ്ങൾ തന്നെയെന്ന്, ഒരേ ശങ്കരാടി തന്നെയെന്ന് വളരെയെളുപ്പം കണ്ടെത്താനും കഴിയും. കഥാപാത്രമാകാൻ പരിശ്രമിക്കുന്നതിനു പകരം തൻ്റെ വ്യക്തിപരമായ ഭാവ- പ്രതികരണരീതികളും ചേഷ്ടകളും സംഭാഷണശൈലിയും തന്നെ എല്ലാ കഥാപാത്രങ്ങളിലേയ്ക്കും പകർന്നുകൊടുക്കുമ്പോൾ, അതായത് ഒരു നടൻ തന്നെത്തന്നെ പുനരുല്പാദിപ്പിക്കാൻ ഉദ്യമിക്കുമ്പോൾ സംഭവിക്കുന്ന ദുരന്തമാണത്. കഥാപാത്രമായി മാറുകയെന്ന ബൗദ്ധികവും ശാരീരികവുമായ അദ്ധ്വാനം ആവശ്യപ്പെടുന്ന പ്രവർത്തനത്തേക്കാൾ എളുപ്പത്തിൽ നിർവ്വഹിക്കാവുന്ന ഏർപ്പാടാണ് സ്വയം ആവർത്തിക്കുകയെന്നത്. സാധാരണപ്രേക്ഷകർക്കാകട്ടെ അവർ കണ്ടുശീലിച്ച നടൻ്റെ അതേ മാനറിസങ്ങൾ വീണ്ടും കാണുമ്പോൾ ‘സ്വാഭാവികത’ എന്നും ‘അനായാസത’ എന്നും ‘അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ‘ എന്നുമൊക്കെ കയ്യടിച്ച് ഘോഷിക്കാൻ എളുപ്പത്തിൽ സാധിക്കുകയും ചെയ്യും. യഥാർത്ഥത്തിൽ ഇവിടെ ‘സ്വാഭാവികത’യെന്ന വിശേഷണം ആ നടൻ predictable ആയി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നതിലേയ്ക്കുള്ള ചൂണ്ടുപലകയാവുന്നുണ്ട്.

ഒരു സംവിധായകനും എഴുത്തുകാരനും വിഭാവനം ചെയ്യുന്ന തരത്തിൽ ഒരു കഥാപാത്രത്തിൻ്റെ സാമൂഹ്യ പശ്ചാത്തലവും സാംസ്കാരികാംശങ്ങളും ഉൾക്കൊണ്ട് അയാളുടെ ശരീരഭാഷയിലേയ്ക്കും സംഭാഷണരീതികളിലേയ്ക്കും രൂപാന്തരപ്പെടാൻ ശേഷിയുണ്ടാകുമ്പോഴാണ് ഒരു നടൻ അഭിനയത്തിൽ പുതുമകൾ സൃഷ്ടിക്കാൻ പര്യാപ്തനാകുന്നതും പ്രവചനാത്മകസ്വഭാവമുള്ള അഭിനയശൈലിയിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതും. അത്തരത്തിൽ തൻ്റെ കഥാപാത്രം ഒരു സവിശേഷരീതിയിൽ അവതരിപ്പിക്കപ്പെടണം എന്ന് കൃത്യമായ ധാരണകളുള്ള ഒരു സംവിധായകൻ്റെ സമകാലീന മലയാളസിനിമയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് മമ്മൂട്ടിയാണ്.
ആ അർത്ഥത്തിൽ കൃത്യമായും സംവിധായകൻ്റെ നടനെന്ന് നിസ്സംശയം വിളിക്കപ്പെടാൻ അർഹനാകുന്നു മമ്മൂട്ടി. അതേസമയം, വ്യക്തമായ ചരിത്രബോധമോ പശ്ചാത്തലസൂക്ഷ്മതയോ സാമൂഹ്യഘടനയുടെ സത്യസന്ധതയോ അവകാശപ്പെടാനില്ലാതെ, കെട്ടുറപ്പില്ലാതെ എഴുതപ്പെടുകയോ സംവിധാനം ചെയ്യപ്പെടുകയോ ഉണ്ടായ കഥാപാത്രങ്ങളെ അവതരിപ്പിച്ച പല സന്ദർഭങ്ങളിലും മമ്മൂട്ടി നിരാശപ്പെടുത്തിയിട്ടുണ്ട് എന്നത് എടുത്തു പറയാതെയും വയ്യ. തൻ്റെ കഥാപാത്രപഠനത്തിലേയ്ക്കും ആവിഷ്ക്കാരത്തിലേയ്ക്കും എഴുത്തുകാരൻ്റെയും സംവിധായകൻ്റെയും സർഗാത്മകമായ സംഭാവനകളെയും കഥാപാത്രവ്യാഖ്യാനങ്ങളെയും ആവശ്യപ്പെടുന്ന നടനാണ് അദ്ദേഹമെന്നതുകൊണ്ട് സംഭവിക്കുന്ന പാളിച്ചകളാണത്. അത്തരത്തിലുള്ള ക്രിയാത്മക സംഭാവനകൾ ലഭിക്കാതെ വരുമ്പോൾ തൻ്റെ കഥാപാത്രത്തെ ഏതുവിധേനയും വ്യത്യസ്തമാക്കാനുള്ള അധിക ചിന്തയും അധികപ്രവർത്തനങ്ങളും മമ്മൂട്ടിയെന്ന നടനിൽ സംഭവിക്കുകയും പലപ്പോഴും അത് ജൈവികത കൈമോശം വരുന്ന പ്രകടനങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്.

നടനായി ജനിച്ചയാളല്ല, വളർന്നയാളാണ് മമ്മൂട്ടി. ‘തൃഷ്ണ’യും ‘മേള’യുമടക്കമുള്ള ആദ്യകാലസിനിമകളിൽ അഭിനയത്തിൻ്റെ താളം കൃത്യമായി കണ്ടെത്താനാകാത്ത മമ്മൂട്ടിയെ കാണാം. യവനിക, കൂടെവിടെ, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾക്കു ശേഷം ന്യൂഡെൽഹി, തനിയാവർത്തനം എന്നീ ചിത്രങ്ങളിലൂടെയാണ് മെതേഡ് ആക്ടിങ് എന്ന സ്വന്തം വഴി മമ്മൂട്ടിയെന്ന നടൻ കണ്ടെത്തുന്നത്. ഒരു വടക്കൻ വീരഗാഥയിലെ ചന്തുവിലൂടെ കഥാപാത്രമായുള്ള പരകായപ്രവേശത്തിൻ്റെ അനന്തമായ അഭിനയസാദ്ധ്യതകൾ മമ്മൂട്ടി എന്ന നടനശരീരം കലാസ്വാദകർക്ക് സമ്മാനിച്ചു.
പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അഭിനയത്തിലെ പുതുമ കൂടുതലായി അനുഭവിക്കാൻ കഴിയുക ശൈലീകൃതമായ അഭിനയശൈലി (മെതേഡ് ആക്ടിങ്) പിന്തുടരുന്ന നടന്മാരിൽ നിന്നാണെന്നത് ലോകത്തിൻ്റെ പൊതുവായ അനുഭവമാണ്.. റോബർട്ട് ഡിനീറോ, അൽ പച്ചീനോ, മർലൻ ബ്രാൻഡോ, ജാവിയർ ബാർഡം, ഡാനിയൽ ഡേ ലൂവിസ്, ലിയനാർഡോ ഡികാപ്രിയോ തുടങ്ങി വോക്വിൻ ഫീനിക്സ് വരെ ആ നിരയിൽപ്പെടുന്ന നടന്മാരാണ്. മലയാളത്തിൽ മെതേഡ് ആക്ടിങ്ങിൻ്റെ സൗന്ദര്യം പ്രേക്ഷകരെ അനുഭവിപ്പിച്ച നടന്മാരിൽ ഒന്നാമതുണ്ട്, മമ്മൂട്ടി.

മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ഭാവപ്പെരുമ കൊണ്ടു മാത്രമല്ല ശ്രദ്ധേയമാകുന്നത്. ആ കഥാപാത്രങ്ങളുടെ സാമൂഹികഘടനയും അധികാരസ്വഭാവവും പോലും ആ നടൻ്റെ അഭിനയശൈലിയിലൂടെയും ശരീരഭാഷയിലൂടെയും ശബ്ദനിയന്ത്രണത്തിലൂടെയും ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. സവർണ്ണതയുടെ രക്ഷാകർതൃത്വഭാവവും (വാത്സല്യം) അടിമത്തിൻ്റെ കീഴാളസ്വരൂപവും (പൊന്തൻമാട) ഫ്യൂഡലിസ്റ്റ് അധികാരത്തിൻ്റെ രാഷ്ട്രീയഘടനയും (വിധേയൻ, പാലേരിമാണിക്യം)
ആണഹങ്കാരത്തിൻ്റെ പ്രാദേശിക- സാമൂഹികഭേദങ്ങളുമൊക്ക (സംഘം,കരിയിലക്കാറ്റുപോലെ) ഇത്തരത്തിൽ മമ്മൂട്ടിയുടെ കഥാപാത്രങ്ങളുടെ സവിശേഷ അടരുകളായി കണ്ടെടുക്കാൻ കഴിയും.

ഈ കുറിപ്പെഴുതാൻ കാരണം ‘ഭീഷ്മപർവ്വം’ തന്നെയാണ്. സ്വയം ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന നടന്മാരെ കണ്ടുമടുക്കുന്നതിനിടയിൽ എഴുപതാം വയസ്സിനപ്പുറവും സ്വയം നവീകരിക്കുന്ന ഒരു നടൻ ഹൃദയത്തെ തൊടുന്ന കാഴ്ചയാണ്.
നിർവ്വികാരമായ മുഖഭാവ ചലനങ്ങളോടെ വൈകാരികപ്രതികരണങ്ങൾ സൃഷ്ടിച്ച ബിലാൽ അല്ലേയല്ല മൈക്കിൾ. ഭാവങ്ങൾ പ്രകടിപ്പിക്കുന്നതിൽ മൈക്കിളിന്
യാതൊരു പിശുക്കുമില്ല. സൂക്ഷ്മമായ നോട്ടം കൊണ്ടും ചലനം കൊണ്ടും ശരീരഭാഷ കൊണ്ടും, ശബ്ദം കൊണ്ടും മൈക്കിൾ ഭാവസ്വരൂപനായി നിറഞ്ഞാടുന്നു.

തങ്ങളുടെ പഴയകാല സിനിമകളിലെ പ്രകടനങ്ങളെ വീണ്ടും അവതരിപ്പിച്ചുകൊണ്ടും ഓർമ്മകളെ
പുനരുല്പാദിപ്പിച്ചുകൊണ്ടും സിനിമയിൽ തുടരാൻ മറ്റു നടന്മാർ ശ്രമിക്കുമ്പോൾ മമ്മൂട്ടി എന്ന നടൻ സ്വയം പുതുക്കിക്കൊണ്ട് തന്നിലെ നടനെയും സിനിമയെത്തന്നെയും സമ്പന്നമാക്കുന്നു!
സമകാലികരായ മറ്റു നടന്മാരുടെ കരിയറിലെ ആദ്യപകുതിയിലെ വേഷങ്ങൾ മാത്രമെടുത്ത് അവരുടെ അഭിനയം ചർച്ച ചെയ്യേണ്ട ദുരവസ്ഥ നിലനില്ക്കുമ്പോൾ മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലെ ചിത്രവും അഭിനയത്തിൻ്റെ പുത്തൻ ആസ്വാദനതലം പ്രദാനം ചെയ്യുന്നു.
കണ്ട കാഴ്ചകളല്ല.. ഇനിയും കാണാനിരിക്കുന്നതാണ് താനെന്ന് ഒരു നടൻ തൻ്റെ പരകായപ്രവേശങ്ങളിലൂടെ വിളിച്ചുപറയുന്നത് ആഹ്ലാദകരമായ അനുഭവമാകുന്നു.

ആരും എന്നെ മൈൻഡ് ചെയ്തിരുന്നില്ല : ദുൽക്കർ

spot_imgspot_img
spot_imgspot_img

Latest news

ഈ ഹെലികോപ്ടർ പറക്കാറില്ല; വാടകകാശിന് പുതിയത് ഒരെണ്ണം വാങ്ങാം; ഇതാണൊ വാടക ധൂർത്ത്

തിരുവനന്തപുരം: വി.ഐ.പികൾക്ക് പറക്കാനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക്...

കൃഷി വകുപ്പ് ഡയറക്ടർ ഡൽഹിക്കു പോയ ഗ്യാപ്പിൽ ജീവനക്കാരുടെ ആഘോഷം; അതും ഓഫീസ് സമയത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൃഷി വകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ ജോലി സമയത്ത് നടന്ന...

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക്...

പാറശാല ഷാരോൺ കൊലക്കേസ്; ശിക്ഷാ വിധി ഇന്നില്ല

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നില്ല....

Other news

സെ​യ്ഫ് അ​ലി​ഖാ​നെ കു​ത്തി​യത് വി​ജ​യ് ദാ​സ്; യ​ഥാ​ർ​ത്ഥ പ്ര​തി പി​ടി​യി​ലായെന്ന് മുംബൈ പോലീസ്

മും​ബൈ: ബോ​ളി​വു​ഡ് താ​രം സെ​യ്ഫ് അ​ലി​ഖാ​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ യ​ഥാ​ർ​ത്ഥ പ്ര​തി...

അൻവറിനെ കൂടെക്കൂട്ടുമോ?കെപിസിസിയുടെ നിർണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

തിരുവനന്തപുരം: കെപിസിസിയുടെ നിർണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. ഉച്ചക്ക് 2.30ന്...

കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ബൈക്ക് ഇടിച്ചു കയറി; യാത്രക്കാരന് ഗുരുതര പരിക്ക്

പത്തനംതിട്ട: ബൈക്ക് നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി. ബസിലേക്ക് ഇടിച്ചുകയറി അപകടം. ബൈക്ക്...

ആയിരം കിലോ ഭാരമുള്ള ആന പോലുള്ള പോത്തിന് വെറും മുന്നൂറ് രൂപ; സ്വന്തമാക്കിയത് ചായക്കടത്തൊഴിലാളി

തഴവ: ആയിരം കിലോ ഭാരമുള്ള ഒരു പോത്തിന് എന്ത് വിലവരുമെന്ന് ഓച്ചിറയിലെ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....
spot_img

Related Articles

Popular Categories

spot_imgspot_img