പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ തുടർന്ന് മാലദ്വീപ് മന്ത്രിമാർ നടത്തിയ പരിഹാസം വിവാദമായതോടെ മാലദ്വീപ് ഭരണകൂടത്തിന്റെ ചൈനീസ് ചായ്‌വും ചർച്ചയാകുകയാണ്. വിവാദങ്ങൾ നിലനിൽക്കെത്തന്നെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു ചൈനയിലെത്തി. അഞ്ച് ദിവസമാണ് മൊയ്‌സു ചൈനയിൽ സന്ദർശനം നടത്തുക. ഇതിനിടെ പ്രധാനപ്പെട്ട കരാറുകൾ ചൈനയുമായി ചേർന്ന് രൂപവത്കരിയ്ക്കുമെന്നും സൂചനയുണ്ട്. മാലദ്വീപിൽ പുതിയ സർക്കാർ അധികാരമേറ്റാൽ ആദ്യം ഇന്ത്യ സന്ദർശിയ്ക്കുന്നതാണ് കീഴ്‌വഴക്കം. എന്നാൽ അധികാരമേറ്റ് മൂന്നാം മാസത്തിലേയ്ക്ക് കടക്കുമ്പോൾ ഒട്ടേറെ വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടും മൊയ്‌സു ഇന്ത്യ സന്ദർശിക്കാൻ തയാറായില്ല. ഇതൊക്കെയാണ് മാലദ്വീപ് അടുത്ത കാലത്തായി ചൈനീസ് പക്ഷത്തേയ്ക്ക് ചായുന്നുവെന്ന ആരോപണങ്ങൾക്ക് പിന്നിൽ. മാലദ്വീപിൽ ചൈനീസ് സാന്നിധ്യം വർധിച്ചാൽ അത് രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകും. ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖം ചൈന കയ്യടക്കുകയും ചാരക്കപ്പൽ നങ്കൂരമിടുകയും ചെയ്തത് മുൻപ് വലിയ ചർച്ചയായിരുന്നു.
എന്നാൽ ചൈനയുമായി അടുക്കുമ്പോഴും ഇന്ത്യയെ കൂടുതൽ പ്രകോപിപ്പിക്കാതിരിയ്ക്കാൻ മാലദ്വീപ് ശ്രമിയ്ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മോദിയെ പരിഹസിക്കുകയും ടൂറിസം രംഗത്ത് ഇന്ത്യയ്‌ക്കെതിരേ ആരോപണം അഴിച്ചുവിടുകയും ചെയ്ത മന്ത്രിമാരെ മാലിദ്വീപ് സസ്‌പെൻഡ് ചെയ്തത്. മന്ത്രിമാരായ മൽഷ ഷരീഫ്, മറിയം ഷിയുന്ന, മഹ്‌സും മജീദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മോദി കോമാളിയാണെന്നും ബീച്ച് ടൂറിസത്തിൽ മാലദ്വീപിനെതിരെ ലക്ഷദ്വീപിനെ വളർത്തുന്നുവെന്നുമാണ് മന്ത്രിമാർ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിച്ചത്.