മലപ്പുറം: ജമ്മുകശ്മീരിൽ മലയാളി സൈനികനും ഭാര്യയും വിഷം ഉള്ളിൽ ചെന്ന് മരിച്ചു. മലപ്പുറം പെരുവള്ളൂര്‍ ഇരുമ്പന്‍കുടുക്ക് പാലപ്പെട്ടിപ്പാറ സ്വദേശി പള്ളിക്കര ബാലകൃഷ്ണന്റെ മകന്‍ നിധീഷ്(30), ഭാര്യ റിന്‍ഷ(24) എന്നിവരാണ് മരിച്ചത്. ജമ്മുവിലെ സാംപ എന്ന സ്ഥലത്തെ ക്വാര്‍ട്ടേഴ്‌സില്‍ വിഷം അകത്തുചെന്ന നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് റിൻഷയുടെ മരണം സംഭവിച്ചത്. ജമ്മുവിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിൽ നിധീഷിനും ജീവൻ നഷ്ടപ്പെടുകയായിരുന്നു. റിൻഷയുടെ മൃതദേഹം ഇന്നലെ പുലര്‍ച്ചെയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച് ബന്ധുക്കൾ ഏറ്റുവാങ്ങിയത്.
തുടർന്ന് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് നിധീഷിന്റെ മരണവാർത്തയും അറിയുന്നത്. ജമ്മുകശ്മീരിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന നിധീഷ് കഴിഞ്ഞ ജനുവരിയിലാണ് നാട്ടില്‍ ലീവിൽ വന്നു മടങ്ങിയത്. പോകുമ്പോൾ റിന്‍ഷയെയും ഒപ്പം കൂട്ടുകയായിരുന്നു.
കണ്ണൂര്‍ പിണറായി സ്വദേശികളായ തയ്യില്‍ വസന്തയുടെയും പരേതനായ സുരാജന്റെയും മകളാണ് റിന്‍ഷ. നിധീഷിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കുമെന്നാണ് വിവരം.