ആലുവ: സ്തനാർബുദ ചികിത്സയ്‌ക്ക് ചെലവ് കുറഞ്ഞ ചികിത്സാ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ. ആലുവ രാജഗിരി ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ഡോക്ടർമാർ വികസിപ്പിച്ച ക്ലിപ്പ് & ബ്ലു പ്ലേസ്‍മെൻറ് എന്ന പുതിയ രീതിയാണ് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ ജേണലിൽ ഇടം നേടിയിരിക്കുന്നത്.
കീമോതെറാപ്പിക്ക് ശേഷം സ്ഥാനാർബുദ രോഗികളിൽ അവശേഷിക്കുന്ന ട്യൂമർ ഭാഗങ്ങളെ തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നതാണ് ക്ലിപ്പ് & ബ്ലു പ്ലേസ്‍മെൻറ്.
ശസ്ത്രക്രിയ സമയത്ത് ട്യൂമർ കൃത്യമായി തിരിച്ചറിഞ്ഞ് നീക്കം ചെയ്യാൻ സഹായിക്കുന്ന പുതിയ രീതിയാണ് മലയാളി ഡോക്ടർമാർ വികസിപ്പിച്ചത്.
സ്തനത്തിലെ ട്യൂമർ പ്രത്യേകം തിരിച്ചറിയാൻ സാധിക്കുമെന്നതിനാൽ സ്തനം മുഴുവനായി നീക്കം ചെയ്യേണ്ട അവസ്ഥ ഒഴിവാകും. വേദനരഹിതമായ പ്രക്രിയയാണിതെന്നും വളരെ കുറച്ചുസമയം മാത്രമേ വേണ്ടിവരികയുള്ളൂവെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ട്യൂമർ തിരിച്ചറിയാനായി നിലവിൽ പിന്തുടരുന്ന മാർക്കിംഗ് രീതിക്ക് 15,000 രൂപ മുതൽ 20,000 രൂപ വരെയാണ് ചെലവ്. എന്നാൽ പുതിയ രീതിയിലൂടെ ഇത് കുറയ്‌ക്കാമെന്നും കൂടുതൽ കൃത്യത കൈവരിക്കാമെന്നും ഡോക്ടർമാരുടെ സംഘം തെളിയിച്ചിട്ടുണ്ട്.