തെന്നിന്ത്യൻ സിനിമകളുമായി തിരക്കിലാണ് നടി മാളവിക മോഹനൻ. തെന്നിന്ത്യൻ സിനിമകളിൽ നടിമാരെ ചിത്രീകരിക്കുന്നതിനെക്കുറിച്ച് മാളവിക ഒരു അഭിമുഖത്തിൽ സംസാരിച്ചത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
തെന്നിന്ത്യൻ സിനിമകളിൽ നായികമാരുടെ വയർ ക്യാമറയിൽ പകർത്തുന്നത് ഒരു യാഥാർത്ഥ്യമാണെന്ന് അവർ അഭിമുഖത്തിൽ പറയുന്നു.
ശരീരവടിവുകളുള്ള നടിമാരെയാണ് തെന്നിന്ത്യൻസ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന ധാരണയുണ്ട്. കരിയറിന്റെ തുടക്കത്തിൽ ക്രൂരമായ ട്രോളുകൾക്ക് ഇരയായെന്നും അവർ വെളിപ്പെടുത്തി.
വയർ ക്യാമറയിൽ പകർത്തുന്നതിന് വലിയ പ്രാധാന്യം നൽകുന്നത് തനിക്ക് തികച്ചും പുതിയൊരു കാര്യമായി തോന്നിയെന്ന് മാളവിക പറഞ്ഞു. താൻ മുംബൈയിൽ വളർന്നതുകൊണ്ട് ഇത് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ നടിമാരുടെ ചിത്രങ്ങൾ കാണുമ്പോൾ, ചിലർ അവരുടെ ശരീരത്തിലേക്ക് സൂം ചെയ്യുന്നത് കാണാറുണ്ട്. വയറിനോടുള്ള ഭ്രമം വളരെ യാഥാർത്ഥ്യമായ ഒന്നാണെന്നും മാളവിക വ്യക്തമാക്കി.
അഭിനയരംഗത്തേക്ക് വന്ന സമയത്ത് മെലിഞ്ഞിരിക്കുന്നതിന് താൻ എത്ര ക്രൂരമായി ട്രോൾ ചെയ്യപ്പെട്ടു എന്നും അവർ അഭിമുഖത്തിൽ തുറന്നുപറഞ്ഞു.
“ഞാൻ ആദ്യ സിനിമ ചെയ്യുമ്പോൾ എനിക്ക് 21 വയസ്സായിരുന്നു പ്രായം. അന്ന് മെലിഞ്ഞതിന്റെ പേരിൽ ഞാൻ ഒരുപാട് ട്രോൾ ചെയ്യപ്പെട്ടു. ഇരുപതുകളുടെ മധ്യത്തിലാണ് എന്റെ ശരീരത്തിൽ മാറ്റങ്ങൾ വന്നത്.
അതോടെഞാൻ വളരെ മോശമായി ട്രോൾ ചെയ്യപ്പെട്ടു. അത് കഠിനമായിരുന്നു. അത് എന്നെ വല്ലാതെ ബാധിച്ചു. തോലും എല്ലും, പോയി കുറച്ച് തടി വെക്ക് എന്നൊക്കെ പറഞ്ഞു. കൂട്ടത്തിൽഅതിലും തരംതാണ ചില പ്രയോഗങ്ങളുമുണ്ടായിരുന്നു.
എളുപ്പത്തിൽ സ്വാധീനിക്കപ്പെടാവുന്ന പ്രായത്തിൽ ഒരാളുടെ ശരീരത്തെക്കുറിച്ച് മോശം തോന്നലുണ്ടാക്കുന്നത് നല്ല കാര്യമല്ല. നിങ്ങൾ അവരെ ഭീഷണിപ്പെടുത്തുകയാണെന്നും മാളവിക പറഞ്ഞു.
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനംചെയ്യുന്ന ‘ഹൃദയപൂർവ്വം’ എന്ന സിനിമയാണ് മലയാളത്തിൽ മാളവിക ചെയ്യുന്നത്. തെലുങ്കിൽ പ്രഭാസിനൊപ്പം ‘ദി രാജാ സാബ്’, തമിഴിൽ കാർത്തിക്കൊപ്പം ‘സർദാർ 2’ എന്നീ സിനിമകളിലും മാളവിക എത്തുന്നുണ്ട്.