മൂന്നു മേക്കപ്പ് ആർട്ടിസ്റ്റുകളാണ് ഉണ്ണി കൃഷ്ണനെതിരെ രംഗത്തെത്തിയത്
കൊച്ചി: ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെ നിരാഹാര സമരം ആരംഭിച്ച് മേക്കപ്പ്, ഹെയർസ്റ്റൈലിസ്റ്റ് ആർട്ടിസ്റ്റുകൾ. ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയതിന് തങ്ങളെ സംഘടനയിൽനിന്നു പുറത്താക്കുകയും സസ്പെൻഡ് ചെയ്‌തെന്നും ആരോപിച്ചാണ് സമരം. മൂന്നു മേക്കപ്പ് ആർട്ടിസ്റ്റുകളാണ് ഉണ്ണി കൃഷ്ണനെതിരെ രംഗത്തെത്തിയത്.(makeup artists protest against b unnikrishnan)
മേക്കപ്പ് ആർട്ടിസ്റ്റുകളായ രോഹിണി, എയ്ഞ്ചൽ, എലിസബത്ത് എന്നിവരാണ് പ്രതിഷേധിക്കുന്നത്. ഫെഫ്കയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓള്‍ കേരള സിനി മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് ഹെയർസ്റ്റൈലിസ്റ്റ് യൂണിയന്റെ ഓഫിസിനു മുന്നിലാണ് സമരം. ഇവർക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കൽ രംഗത്തെത്തിയിട്ടുണ്ട്.
ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പ്രദീപ് രംഗൻ എന്നിവർ രാജിവെക്കുക, മേക്കപ്പ് വിഭാഗം മേധാവികളുടെ കീഴിൽനിന്നു ഹെയർ സ്റ്റൈലിസ്റ്റുകളെ സ്വതന്ത്രരാക്കുക, സിനിമ തൊഴിൽ മേഖലയിൽ സർക്കാർ ഇടപെടുക, തൊഴിൽ നിഷേധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടു വെക്കുന്നത്.