യുകെയിൽ പോലീസ് വാഹനവും മറ്റൊരു കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മാർച്ച് 13 വ്യാഴാഴ്ച പുലർച്ചെ 12.15 ഓടെയാണ് സ്കിപ്റ്റൺ റോഡിൽ അപകടം ഉണ്ടായത്. പോലീസ് കാറും ഒരു ഫോക്‌സ്‌വാഗൺ ഷാരനും കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
കീഗ്ലിയിലേക്ക് പോവുകയായിരുന്ന പോലീസ് വാഹനം, എതിർ ദിശയിൽ വന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഫോക്‌സ്‌വാഗനിലെ 19 നും 21 നും ഇടയിൽ പ്രായമുള്ള മൂന്ന് പുരുഷന്മാർക്ക് പരിക്കേറ്റു, എല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണ്.
പുരുഷന്മാരിൽ രണ്ടുപേർക്ക് ഏറ്റ പരിക്കുകൾ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയല്ല. പോലീസ് വാഹനത്തിലുണ്ടായിരുന്ന രണ്ട് ഓഫീസർമാർക്ക് നിസ്സാര പരിക്കേറ്റു. കൂട്ടിയിടിയുടെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. പോലീസ് വാഹനവുമായി ബന്ധപ്പെട്ട സംഭവമായതിനാൽ, വിഷയം ഐഒപിസിക്ക് റഫർ ചെയ്തിട്ടുണ്ട്.
അപകടത്തെ തുടർന്ന് V67 സ്കൂൾ ബസ് സർവീസ് വഴിതിരിച്ചുവിടുന്നതായി കീഗ്ലി ബസ് കമ്പനി അറിയിച്ചു. നോർത്ത് സ്ട്രീറ്റിലും (N2), ഈസ്റ്റ് അവന്യൂവിലും ബസ് ഓടുകയില്ല. ഇതിന് പകരമായി, നോർത്ത് സ്ട്രീറ്റ് (വെതർസ്പൂൺസിന് മുമ്പുള്ള സ്റ്റോപ്പ്), ബീച്ച്ക്ലിഫ് സ്കൂൾ എന്നീ സ്റ്റോപ്പുകളിൽ നിർത്തും.
നോർത്ത് സ്ട്രീറ്റ് N2, ഈസ്റ്റ് അവന്യൂ (ഇൽക്‌ലി, സ്‌കിപ്റ്റൺ എന്നിവിടങ്ങളിൽ), ഈസ്റ്റ് അവന്യൂ, സ്ട്രോബെറി സ്ട്രീറ്റ്, ആൽബർട്ട് സ്ട്രീറ്റ് (കീഗ്‌ലിയിലേക്ക്) എന്നീ സ്റ്റോപ്പുകളിൽ 62, ഡെയ്ൽസ്‌വേ 66 ബസുകളുടെ സർവീസുകൾ ഉണ്ടാവില്ല. അപകടത്തെ തുടർന്ന് റോഡ് അടച്ചത് നോർത്ത് സ്ട്രീറ്റിൻ്റെ ഭാഗങ്ങളെയും സ്പ്രിംഗ് ഗാർഡൻസ് ലെയ്‌നിൻ്റെ ഭാഗങ്ങളെയും ബാധിക്കും എന്നാണ് കരുതുന്നത്.