വിമാനമിറങ്ങുന്നവരുടെ സ്വർണം തട്ടൽ ലക്ഷ്യമിട്ട് മാഫിയാ സംഘങ്ങൾ; പരാതിക്കാരന്റെ മൊഴിയിലും വൈരുധ്യമെന്ന് പോലീസ്
തിരുവനന്തപുരം വിമാനത്താവളത്തിൽ വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരെ ആക്രമിച്ച് സ്വർണം തട്ടിയെടുക്കുന്ന സംഘത്തെ തടയാനാവുന്നില്ല.
തിരുവനന്തപുരം സ്വദേശികൾക്ക് പുറമേ തമിഴ്‌നാട്ടിൽ നിന്നുളള സംഘവും വിമാനത്താവള പരിസരത്ത് തമ്പടിക്കുകയാണ്.
അർധരാത്രികളിൽ വിമാനമിറങ്ങുന്ന വിദേശ യാത്രക്കാരെ ലക്ഷ്യമിട്ട് വിമാനത്താവള പരിസരത്ത് തമ്പടിക്കുന്ന സംഘം തിങ്കളാഴ്ച പുലർച്ചെയും യാത്രക്കാരനെ ആക്രമിച്ച് സ്വർണം സൂക്ഷിച്ചിരുന്ന ബാഗുമായി കടന്നു.
പിൻതുടർന്ന് യാത്രക്കാരനെയും സുഹ്യത്തുക്കളെയും നാലംഗ സംഘം മർദിച്ചവശരാക്കി.
തമിഴ്‌നാട് വെല്ലൂർ സിഎംസി ആശുപത്രിക്കു സമീപം ആർഡി തെരുവിൽ സർദാർ ബാഷയെ(42) ആ്ണ് തമിഴ്‌നാട്ടിൽ നിന്നെത്തിയ നാലംഗ സംഘം ആക്രമിച്ചശേഷം സ്വർണം സൂക്ഷിച്ചിരുന്ന ബാഗുമായി കാറിൽ രക്ഷപ്പെട്ടത്.
ദുബായിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ 3.30 – ഓടെ തിരുവനന്തപുരതെത്തിയ എയർ ഇന്ത്യാ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു. രണ്ടുമാസം മുൻപ് ചെന്നൈ വിമാനത്താവളം വഴി ് സന്ദർശക വിസയിലൂടെയായിരുന്നു ദുബായിലെത്തിയത്.
പാചക തൊഴിലാളിയാണ് സർദാർബാഷ. കഴിഞ്ഞ ഒരാഴ്ച മുൻപ് ദുബായിലുളള സ്വർണക്കടത്ത് സംഘത്തിലുളളയാളാണ് ഇയാൾക്ക് സ്വർണം നൽകിയിരുന്നത്. ഇക്കാര്യം ഇയാൾ ആദ്യം വെളിപ്പെടുത്തിയിരുന്നില്ല.
പോലീസ് ചോദ്യം ചെയ്തപ്പോഴാണ് താൻ പാചകക്കാരനാണെന്നും സന്ദർശക വിസയിൽ ദുബായിൽ എത്തിയതെന്നും പറഞ്ഞു.
താൻ കൊണ്ടുവന്ന ബാഗിൽ രണ്ടുഗ്രാം തൂക്കമുളള ഒരു ജോഡി സ്വർണ കമ്മലുകളും രണ്ടുഗ്രാം തൂക്കം വരുന്ന സ്വർണ മാലയും പഴയ പാസ്‌പോർട്ട്, ആധാർകാർഡ്, പാൻകാർഡ് അടക്കമുളളവയാണ് തട്ടിയെടുത്തതെന്ന് ഇയാൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇവ തട്ടിയെടുത്തശേഷം കാറിൽ കയറി രക്ഷപ്പെട്ടുവെന്നാണ് സർദാർ ബാഷ വലിയതുറ പോലീസിൽ നൽകിയിട്ടുളള പരാതി.
പരാതിക്കാരന്റെ മൊഴിയിലും വൈരുധ്യമെന്ന് പോലീസ്
തിങ്കളാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ വെല്ലുർ സ്വദേശി സർദാർ ബാഷയെ തമിഴ്‌നാട്ടിൽ നിന്നെത്തിയ നാലംഗ സംഘം ബാഗ് തട്ടിയെടുത്ത് കടന്ന സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വലിയതുറ പോലീസ്. പരാതിക്കാരനായ സർദാർബാഷയും സ്വർണകടത്ത് സംഘത്തിലെ ക്യാരിയറാണെന്ന സംശമുണ്ട്.
ദുബായിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന സർദാർബാഷ ഇറങ്ങിയത് തിരുവനന്തപുരത്തായിരുന്നു.
ദുബായിൽ നിന്ന് ചെന്നൈയിലേക്കുളള ടിക്കറ്റ് നിരക്ക് തിരുവനന്തപുരത്തേക്കാൾ കൂടുതലായതിനാലാണ് ഇവിടെയിറങ്ങിയെന്നുമാണ് സർദാർബാഷ നൽകിയ മൊഴി.
എന്നാൽ, തിരുവനന്തപുരത്തേക്കാൾ കുറഞ്ഞ നിരക്കാണ് ചെന്നൈയിലുളളതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചതായി വലിയതുറ എസ്.എച്ച്.ഒ. വി. അശോക കുമാർ പറഞ്ഞു.